ബിജെപിയിലെത്താന്‍ സി കെ ജാനുവിന് പണം നല്‍കിയെന്ന ആരോപണം; കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ട് പ്രസീത അഴീക്കോട്
കല്‍പ്പറ്റ:ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ സി കെ ജാനുവിന് പണം നല്‍കിയ ആരോപണത്തില്‍ കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ട് ജനാധിപത്യ പാര്‍ട്ടി ട്രഷറല്‍ പ്രസീത അഴീക്കോട്. സി കെ ജാനു കെ സുരേന്ദ്രന്റെ സെക്രട്ടറിയുമായി സംസാരിക്കുന്ന ഓഡിയോ റെക്കോര്‍ഡ് എന്ന് അവകാശപ്പെട്ടാണ് തെളിവ് പുറത്തുവിട്ടത്. സി കെ ജാനു തന്റെ ഫോണില്‍ നിന്നാണ് സംസാരിച്ചത്. ഹോട്ടല്‍ റൂമില്‍ പണം കൈമാറിയെന്നും അവര്‍ ആരോപിച്ചു.
മൂന്ന് ശബ്ദ രേഖകളാണ് ഇപ്പോള്‍ പുറത്തുവന്നരിക്കുന്നത്. അതില്‍ രണ്ടെണ്ണം പ്രസീതയും കെ സുരേന്ദ്രനും സംസാരിക്കുന്നതും ഒന്ന് സി കെ ജാനുവും കെ സുരേന്ദ്രന്റെ സഹായിയും സംസാരിക്കുന്നതുമാണ്. റൂം നമ്പര്‍ 504ല്‍ എത്താന്‍ ആവശ്യപ്പെടുന്നതാണ് സന്ദേശം.
എന്നാല്‍ നേരത്തെ ഇതില്‍ കൃത്രിമത്വം ഉണ്ടെന്ന് കെ സുരേന്ദ്രന്‍ ആരോപിച്ചിരുന്നു. സി കെ ജാനുവുമായി സംസാരിക്കാന്‍ തനിക്ക് ഇടനിലക്കാരന്റെ ആവശ്യമില്ല. എന്നാല്‍ ആരോപണത്തില്‍ പ്രസീത ഉറച്ചുനിന്നു. കോടതിയില്‍ കേസ് കൊടുക്കാനും അവര്‍ ഇരുവരോടും ആവശ്യപ്പെട്ടു.