കോഴിക്കോട്: ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ വയനാട്ടില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നാളെയെത്തും. സന്ദര്‍ശനത്തില്‍ കേരളം വലിയ പ്രതീക്ഷയിലാണ്. ഏറ്റവും തീവ്രതയുള്ള ദുരന്തമെന്ന നിലയില്‍ എല്‍ ത്രീ ദുരന്തമായി വയനാട് ഉരുള്‍പൊട്ടലിനെ പ്രഖ്യാപിക്കണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. പ്രധാനമന്ത്രിയുടെ വരവോടെ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ. അങ്ങനെയെങ്കില്‍ പുനരധിവാസത്തിന് വേണ്ട തുകയുടെ 75 ശതമാനം ദേശീയ ദുരന്ത നിവാരണ നിധിയില്‍ നിന്ന് കിട്ടും. കേന്ദ്ര സഹായം കൂട്ടണമെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയടക്കം ലോക്‌സഭയില്‍ ആവശ്യപ്പെട്ടിരുന്നു. ദുരന്തമുണ്ടായത് മുതല്‍ സൈന്യത്തെ അയച്ചതിലടക്കം കേന്ദ്രത്തിന്റെ ഇടപടെലിനെ മുഖ്യമന്ത്രി പിണറായി വിജയനും കേരളത്തിലെ പ്രതിപക്ഷവും അഭിനന്ദിച്ചിരുന്നു.
കേന്ദ്രവും സംസ്ഥാനവും കൈകോര്‍ത്തുള്ള വയനാട്ടിലെ ദൗത്യം തുടരുന്നതിനിടെയാണ് മോദിയുടെ സന്ദര്‍ശനം. രാജ്യത്തെ തന്നെ സമാനതകളില്ലാത്ത വലിയ ദുരന്തമുണ്ടായ വയനാട്ടിലേക്കാണ് ശനിയാഴ്ച പ്രധാനമന്ത്രിയെത്തുന്നത്. ദില്ലിയില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തിലാണ് ആദ്യം മോദിയെത്തുക. പിന്നീട് ഹെലികോപ്റ്ററില്‍ വയനാട്ടിലേക്ക് തിരിക്കും. ബെയ് ലി പാലത്തിലൂടെ ചൂരല്‍മലയിലേക്കെത്തി പ്രധാനമന്ത്രി നേരിട്ട് സ്ഥിതി വിലയിരുത്തുമെന്നാണ് വിവരം. അതിന് ശേഷം ദുരിതാശ്വാസ ക്യാമ്പുകളും സന്ദര്‍ശിക്കും. സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളെയും പങ്കെടുപ്പിച്ചുള്ള യോഗത്തിനും സാധ്യതയുണ്ട്, കാലാവസ്ഥ അനുസരിച്ചാണ് ഷെഡ്യൂളില്‍ ഇനിയും മാറ്റമുണ്ടായേക്കാം.