ബസുകളിലെ സീറ്റ് ബെല്‍റ്റ് കേന്ദ്ര നിയമം; ബസില്‍ കാമറ വേണമെന്ന് ആവശ്യപ്പെട്ടത് ഉടമകള്‍ തന്നെ: ഗതാഗതമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ബസുകളില്‍ സീറ്റ് ബെല്‍റ്റ് ഘടിപ്പിക്കാനുള്ള നിര്‍ദ്ദേശം എഐ ക്യാമറ ഘടിപ്പിച്ച ഘട്ടത്തില്‍ തന്നെ ബസുടമകള്‍ക്ക് നല്‍കിയതാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. 1994 മുതല്‍ നിലവിലുള്ള നിയമമമാണ് ഇത്. കേന്ദ്ര നിയമമാണ്. സ്വകാര്യ ബസുടമകളുടെ ആവശ്യം പരിഗണിച്ച് അതിന് രണ്ട് മാസം സമയം നീട്ടി നല്‍കിയതാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഈ മാസം 31 ന് സ്വകാര്യ ബസ് പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലായിരുന്നു ഗതാഗത മന്ത്രിയുടെ പ്രതികരണം.
ബസുകളില്‍ ക്യാമറ വേണമെന്നത് ബസുടമകള്‍ തന്നെ ആവശ്യപ്പെട്ട കാര്യമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. അതിന് ആദ്യം രണ്ട് മാസം സമയം തേടിയപ്പോള്‍ അത് നല്‍കി. വീണ്ടും ഗുണനിലവാരമുള്ള ക്യാമറകള്‍ കിട്ടാനില്ലെന്ന് പറഞ്ഞ് 7-8 മാസം അധിക സമയം നല്‍കി. ഇപ്പോള്‍ അവിചാരിതമായി അവര്‍ തന്നെ സമരം പ്രഖ്യാപിക്കുകയാണ്. ക്യാമറ വെക്കണമെന്ന നിര്‍ദ്ദേശം ഉയര്‍ന്നത് ബസ് ജീവനക്കാരെ കള്ളക്കേസില്‍ പെടുത്തുന്നുവെന്ന പരാതിയെ തുടര്‍ന്നാണ്. ക്യാമറകളിലൂടെ അപകടങ്ങളുടെ യഥാര്‍ത്ഥ കാരണം കണ്ടെത്താനാവുന്നുണ്ട്. സ്വിഫ്റ്റ് ബസുകളില്‍ ക്യാമറ ദൃശ്യങ്ങള്‍ വഴി അപകടങ്ങളില്‍ ആരുടെ ഭാഗത്താണ് തെറ്റെന്ന് കണ്ടെത്താന്‍ കഴിഞ്ഞു.
നവംബര്‍ 1 മുതല്‍ ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റിന് വരുന്ന ബസുകളില്‍ ക്യാമറ ഘടിപ്പിക്കണം എന്ന നിലയിലേക്ക് സര്‍ക്കാര്‍ ഉത്തരവ് പുതുക്കണമെന്ന ഒരാവശ്യം ഇന്നലെ ബസുടമകള്‍ മുന്നോട്ട് വെച്ചു. ഇക്കാര്യം സര്‍ക്കാര്‍ ആലോചിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.