രാജ്യത്ത് 150 ജില്ലകളില്‍ ലോക്ക്ഡൗണിന് നിര്‍ദ്ദേശം
കേരളത്തിലെ 12 ജില്ലകളും ഉള്‍പ്പെട്ടേക്കും
ദില്ലി : രാജ്യത്ത് കൊവിഡ്-19 വ്യാപനം രൂക്ഷമായി തുടരുകയാണ്. ഡല്‍ഹിയടക്കമുള്ള സംസ്ഥാനങ്ങളിലെ സ്ഥിതിഗതികള്‍ മോശമാണ്. കേരളമടക്കമുള്ള എട്ട് സംസ്ഥാനങ്ങളിലെ കൊവിഡ്-19 സാഹചര്യം ആശങ്കയുണ്ടാക്കുന്നതാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കേരളം മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, കര്‍ണാടക, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, ഗുജറാത്ത്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളാണ് ആശങ്കയുണ്ടാക്കുന്നതെന്നും ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞിരുന്നു. പുതിയ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനൊപ്പം മരണസംഖ്യയും ഉയരുന്നതാണ് ആശങ്കയുണ്ടാക്കുന്നത്. ഇതിനിടെ രാജ്യത്തെ 150 ജില്ലകളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
കൊവിഡ് വ്യാപനം രൂക്ഷമാകുമ്പോള്‍ കേസുകള്‍ കൂടുതലുള്ള 150 ജില്ലകളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താനുള്ള ആലോചനയാണ് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളിലുള്ള ജില്ലകളിലാണ് ലോക്ക്ഡൗണിന് സാധ്യതകള്‍ നിലവിലുള്ളത്. ഈ ജില്ലകളുടെ പട്ടിക കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതാത് സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ച ശേഷം മാത്രമേ ഈ ജില്ലകളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താനുള്ള അന്തിമ തീരുമാനം ഉണ്ടാകുകയുള്ളൂ.
കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളിലുള്ള ജില്ലകളില്‍ ലോക്ക്ഡൗണ്‍ വേണമെന്ന ശുപാര്‍ശയാണ് ചൊവ്വാഴ്ച നടന്ന ഉന്നതതല യോഗത്തില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം മുന്നോട്ട് വെക്കുന്നത്. ആവശ്യ സര്‍വീസുകള്‍ക്ക് ഇളവ് നല്‍കിയാകും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുക. ഈ ജില്ലകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ വേണമെന്നും നിര്‍ദേശമുണ്ട്. ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശത്തോട് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് എതിര്‍പ്പുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
കേരളത്തിലെ ആകെ പോസിറ്റിവിറ്റി നിരക്ക് 23.24 ശതമാനം ആണെന്നിരിക്കെ ചികിത്സയിലും നിരീക്ഷണത്തിലുമുള്ളവരുടെ കണക്കുകള്‍ ആശങ്കപ്പെടുത്തുന്നുണ്ട്. ആരോഗ്യവകുപ്പ് ചൊവ്വാഴ്ച പുറത്തുവിട്ട കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് 2,47,181 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. വിവിധ ജില്ലകളിലായി 5,27,662 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,06,202 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 21,460 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 12,07,680 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടിയപ്പോള്‍ ആകെ മരണം 5170 ആയി ഉയരുകയും ചെയ്തു. സംസ്ഥാനത്തെ ഈ കൊവിഡ് കണക്കുകള്‍ തന്നെയാണ് ആശങ്കയുണ്ടാക്കുന്നത്. വരും ദിവസങ്ങളില്‍ രോഗബാധിതരുടെ എണ്ണം വര്‍ധിക്കുമെന്ന മുന്നറിയിപ്പ് പ്രകാരം സംഭവിച്ചാല്‍ പല ജില്ലകളിലും പോസിറ്റിവിറ്റി നിരക്ക് ഉയരുമെന്ന് വ്യക്തമാണ്.
15 ശതമാനത്തിന് മുകളില്‍ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റിയുള്ള ജില്ലകളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താനുള്ള തീരുമാനമുണ്ടായാല്‍ കേരളത്തിനും തിരിച്ചടിയാണ്. സംസ്ഥാനത്തെ ആകെ പോസിറ്റിവിറ്റി നിരക്ക് 23.24 ശതമാനമാണെന്നത് ആശങ്കയുണ്ടാക്കുന്നതാണ്. ആരോഗ്യവകുപ്പ് ചൊവ്വാഴ്ച പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കോഴിക്കോട്, എറണാകുളം ജില്ലയിലാണ് ഏറ്റവുമധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളിലുള്ള ജില്ലകളില്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയാല്‍ കേരളത്തിലെ 12 ജില്ലകള്‍ ഇതില്‍ ഉള്‍പ്പെട്ടേക്കുമെന്ന് റിപ്പോര്‍ട്ട്. കൊല്ലവും പത്തനംതിട്ടയും ഒഴിച്ചുള്ള ജില്ലകളില്‍ ലോക്ക്ഡൗണ്‍ നടപ്പാക്കേണ്ടി വരും. രാജ്യത്ത് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളിലുള്ള 156 ജില്ലകള്‍ ഉണ്ടെന്നാണ് കണക്ക്