കോഴിക്കോട്: കോഴിക്കോട്, വടകര ലോക്‌സഭ മണ്ഡലങ്ങളിലെ സുതാര്യവും നീതിപൂര്‍വകവുമായ വോട്ടെടുപ്പ് സാധ്യമാക്കുന്നതിനുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തീകരിച്ചതായി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ല കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് അറിയിച്ചു. ജില്ലയില്‍ വോട്ടെടുപ്പ് വന്‍ വിജയമാക്കാന്‍ മുഴുവന്‍ ജനങ്ങളോടും കലക്ടര്‍ അഭ്യര്‍ഥിച്ചു. തെരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ 6,81,615 പുരുഷന്‍മാരും 7,40,246 സ്ത്രീകളും 22 ട്രാന്‍സ്ജെന്‍ഡറുകളും ഉള്‍പ്പെടെ 14,21,883 വോട്ടര്‍മാരാണുള്ളത്. കോഴിക്കോട് മണ്ഡലത്തില്‍ 6,91,096 പുരുഷന്‍മാരും 7,38,509 സ്ത്രീകളും 26 ട്രാന്‍സ്ജെന്‍ഡറുകളും ഉള്‍പ്പെടെ 14,29,631 പേരും രണ്ട് മണ്ഡലങ്ങളിലും കൂടി 28,51,514 പേരാണ് വോട്ട് ചെയ്യാന്‍ അര്‍ഹര്‍. ഇവര്‍ക്ക് വോട്ട് ചെയ്യുന്നതിനായി കോഴിക്കോട് 1206ഉം വടകരയില്‍ 1207ഉം പോളിംഗ് സ്റ്റേഷനുകള്‍ ഒരുക്കിയിട്ടുണ്ട്. ഇവയില്‍ 16 എണ്ണം മാതൃകാ പോളിംഗ് സ്റ്റേഷനുകളും 52 എണ്ണം പോളിംഗ് ഉദ്യോഗസ്ഥരായി വനിതകള്‍ മാത്രമുള്ള പിങ്ക് പോളിംഗ് സ്റ്റേഷനുകളുമാണ്.
ജില്ലയിലെ 141 പ്രശ്നസാധ്യതാ ബൂത്തുകളിലും (കോഴിക്കോട്- 21, വടകര- 120), മാവോവാദി ഭീണിയുള്ള വടകര മണ്ഡലത്തിലെ 43 ബൂത്തുകളിലും പ്രത്യേക സുരക്ഷ ഒരുക്കുന്നതിനായി സംസ്ഥാന പോലിസ് സേനയ്ക്കു പുറമെ, എട്ട് കമ്പനി സിഎപിഎഫ്, മൈക്രോ ഒബ്സര്‍മാര്‍ എന്നിവരെ അധികമായി നിയോഗിച്ചിട്ടുണ്ട്. എല്ലാ ബൂത്തിലും വെബ്കാസ്റ്റിംഗ് കള്ളവോട്ട്, ആള്‍മാറാട്ടം ഉള്‍പ്പെടെയുള്ള തട്ടിപ്പുകള്‍ തടയുന്നതിനായി ജില്ലയിലെ എല്ലാ ബൂത്തുകളിലും വെബ്കാസ്റ്റിംഗ് സംവിധാനം സജ്ജീകരിച്ചതായും ജില്ലാ കലക്ടര്‍ അറിയിച്ചു. വോട്ട് ചെയ്യാനെത്തുന്നയാള്‍ ബൂത്തില്‍ പ്രവേശിക്കുന്നതു മുതല്‍ പുറത്തിറങ്ങുന്നതു വരെയുള്ള വോട്ടെടുപ്പിന്റെ മുഴുവന്‍ ദൃശ്യങ്ങളും സിസിടിവി കാമറ വഴി കണ്‍ട്രോള്‍ റൂമില്‍ നിന്ന് തത്സമയം നിരീക്ഷിക്കും. ഇതിനായി വിപുലമായ സംവിധാനങ്ങള്‍ ജില്ലാ കലക്ടറേറ്റില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.