രാഷ്ട്രീയത്തിന് കടിഞ്ഞാണിടാന്‍ ഫേസ്ബുക്ക്;
പോസ്റ്റുകളും ഗ്രൂപ്പുകളും നിയന്ത്രിക്കാന്‍ തയ്യാറെടുക്കുന്നു
വാഷിങ്ടണ്‍: രാഷ്ട്രീയ പോസ്റ്റുകള്‍ക്കും ഗ്രൂപ്പുകള്‍ക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുവാന്‍ ഒരുങ്ങി ഫേസ്ബുക്ക്. അമേരിക്കന്‍ തെരഞ്ഞെടുപ്പിന് പിന്നാലെ ക്യാപിറ്റോള്‍ കെട്ടിടത്തിലേക്ക് നടന്ന അക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു തീരുമാനം എടുത്തത്. അന്നത്തെ പ്രശ്‌നങ്ങള്‍ക്ക് ഒടുവില്‍ ട്രംപിനെ ട്വിറ്ററും ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും അടക്കമുള്ള സമൂഹമാധ്യമങ്ങള്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
ഇത്തരത്തില്‍ നിയന്ത്രണങ്ങള്‍ ഫേസ്ബുക്ക് നേരത്തേയും ഏര്‍പ്പെടുത്തിയിരുന്നു. പ്രസിഡന്റ് തെരഞ്ഞെടുപ്പ് കാലത്ത് ട്രംപിനും മറ്റ് ചില തീവ്ര അനുയായികള്‍ക്കും സംഘങ്ങള്‍ക്കും തെരഞ്ഞെടുപ്പ് കാലത്ത് നിയന്ത്രണണ്‍ ഏര്‍പ്പെടുത്തിയിരുന്നു. ക്യാപിറ്റോള്‍ ആക്രണത്തിന് ശേഷം വീണ്ടും ട്രംപിന് നിയന്ത്രണം ഏര്‍പ്പെടുത്തുകയായിരുന്നു. ഫേസ്ബുക്ക് സിഇഒ മാര്‍ക് സക്കര്‍ബര്‍ഗ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. രാഷ്ട്രീയ ഗ്രൂപ്പുകള്‍ ഉപയോക്താക്കള്‍ക്കായി ശുപാര്‍ശ ചെയ്യില്ലെന്ന് സക്കര്‍ബര്‍ഗ് അറിയിച്ചു.
ഫേസ്ബുക്ക് ഉപയോക്താക്കള്‍ക്ക് ലഭിക്കുന്ന പ്രധാന ന്യൂസ്ഫീഡുകളില്‍ രാഷ്ട്രീയ ഉള്ളടക്കം കുറയ്ക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ആഗോളതലത്തില്‍ ഈ നയം വിപുലീകരിക്കാന്‍ ഒരുങ്ങുകയാണ് ഫേസ്ബുക്ക്. രാഷ്ട്രീയ പേജ്, പോസ്റ്റ് നോട്ടിഫിക്കേനുകള്‍ കുറയ്ക്കും ഒപ്പം തന്നെ ഉപയോക്താവിനെ കൂടുതല്‍ രാഷ്ട്രീയ പോസ്റ്റുകള്‍ കാണാത്ത രീതിയില്‍ അല്‍ഗോരിതത്തിലും മാറ്റം വരുത്തും.
പ്രകോപനം ഉണ്ടാക്കുന്നതും ഭിന്നതയുണ്ടാക്കുന്നതുമായ രാഷ്ട്രീയ ചര്‍ച്ചകള്‍ കുറയയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരത്തില്‍ തീരുമാനമെടുത്തിരിക്കുന്നത്. അതേസമയം, ഇതില്‍ ആഗ്രഹിക്കുകയാണെങ്കില്‍ രാഷ്ട്രീയ ഗ്രൂപ്പുകളിലും ചര്‍ച്ചകളിലും ഭാഗമാകുന്നതിന് സാധിക്കുമെന്നും സിഇഒ വ്യക്തമാക്കി.
അനീതിക്കെതിരേ സംസാരിക്കുന്നതിനോ, വ്യത്യസ്ത കാഴ്ചപ്പാടുകളുള്ള ആളുകളില്‍ നിന്ന് കൂടുതല്‍ കാര്യങ്ങള്‍ പഠിക്കുന്നതിനോ ഇത്തരം ചര്‍ച്ചകള്‍ സഹായകമാകാം. എന്നാല്‍, രാഷ്ട്രീയമോ, പോരാട്ടമോ ഞങ്ങളുടെ സേവനങ്ങളില്‍ നിന്നും ഉപയോക്താക്കളുടെ അനുഭവങ്ങളെ കീഴടക്കുന്നതിനോട് താത്പര്യമില്ലെന്നാണ് തങ്ങളുടെ വിഭാഗങ്ങളില്‍ നിന്ന് ലഭിച്ച പ്രധാന പ്രതികരണം. പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി യുഎസിലെ ഉപയോക്താക്കള്‍ക്ക് രാഷ്ട്രീയ - സിവിക് ഗ്രൂപ്പുകളെ ശുപാര്‍ശ ചെയ്യുന്നത് ഫെയ്സ്ബുക്ക് അവസാനിപ്പിച്ചിരുന്നു.