കോഴിക്കോട്: കേരള സ്റ്റേറ്റ് പോലീസ് പെന്‍ഷനേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ (കെ.എസ്.പി.പി.ഡബ്ലു.എ) കോഴിക്കോട് സിറ്റി ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് മൂന്നിന് കളക്ടറേറ്റ് മാര്‍ച്ചും ധര്‍ണ്ണയും നടത്തുന്നു. രാവിലെ 10.00ന് എം.കെ. രാഘവന്‍ എം.പി ധര്‍ണ്ണ ഉദ്ഘാടനം ചെയ്യും.സിവില്‍ സ്റ്റേഷന്‍ താഴെ ഗെയ്റ്റില്‍ നിന്നാണ് മാര്‍ച്ച് ആരംഭിക്കുക.
ഡി.എ. കുടിശ്ശിക , ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക. 11-ാം പെന്‍ഷന്‍ പരിഷ്‌കരണത്തിലെ ഡി.എ കുടിശ്ശിക മൂന്നും നാലും ഘഡുക്കള്‍ അനുവദിക്കുക, ട്രെയിനിംഗ് പിരീഡ് സര്‍വ്വീസായി കണക്കാക്കി 31-3-2010 വരെയുള്ള കോടതി വിധി പ്രകാരമുള്ള ആനുകൂല്യം അനുവദിക്കുക, വികലമായി നടപ്പാക്കിയ മെഡിസെപ്പ് ഒഴിവാക്കുക, 12-ാം പെന്‍ഷന്‍ പരിഷ്‌ക്കരണം 2024 ജൂലൈ ഒന്നു മുതലുള്ള പ്രാബല്യത്തോടെ നടപ്പാക്കുക, കേരള പോലീസ് ആക്ട് 104-ാം വകുപ്പു പ്രകാരമുള്ള അവകാശങ്ങളും സംരക്ഷണവും, ക്ഷേമകാര്യങ്ങളും നടപ്പിലാക്കുക, വിലക്കയറ്റം നിയന്ത്രിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് മാര്‍ച്ചും ധര്‍ണ്ണയും.
റിട്ടയര്‍ ചെയ്ത ഡിജിപി മുതല്‍ സിവില്‍ പോലീസ് ഓഫിസര്‍ വരെ ഉള്‍പ്പെടുന്നവരുടെ സംഘടനയാണ് കേരള സ്റ്റേറ്റ് പോലീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍. കക്ഷി രാഷ്ട്രീയ ഭേദമന്യേയാണ് പ്രവര്‍ത്തനം. സിറ്റി , റൂറല്‍ എന്നിങ്ങനെ എല്ലാ ജില്ലയിലും രണ്ട് ജില്ലാ കമ്മറ്റികള്‍ പ്രവര്‍ത്തിക്കുന്നു. സംസ്ഥാനത്തൊട്ടാകെ 26,000ത്തിലധികവും കോഴിക്കോട് 6000 പേരും അംഗങ്ങളാണ്. വാര്‍ത്താ സമ്മേളനത്തില്‍ കെ.എസ്.പി.പി.ഡബ്ലു.എ സിറ്റി ജില്ലാ പ്രസിഡന്റ് ടി.കെ. രാജ്‌മോഹന്‍, സെക്രട്ടറി ലോഹിതാക്ഷന്‍ സി.പി, രാജന്‍.പി, മുരളീധരന്‍ എന്നിവര്‍ പങ്കെടുത്തു.