സംസ്ഥാന സിലബസ് പ്രകാരമുള്ള പ്ലസ് വൺ പരീക്ഷ സെപ്റ്റംബറിൽ
തിരുവനന്തപുരം: സംസ്ഥാന സിലബസ് പ്രകാരമുള്ള പ്ലസ് വൺ പരീക്ഷ സെപ്റ്റംബറിൽ നടന്നേക്കും. ഇതിന് മുന്നോടിയായി ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ നാലു വരെ മാതൃകാ പരീക്ഷകൾ നടത്തും. പരീക്ഷയുമായി ബന്ധപ്പെട്ട് ആർ.ഡി.ഡിമാർ, എ.ഡിമാർ, ജില്ലാ കോ-ഓർഡിനേറ്റർമാർ, അസിസ്റ്റന്റ് കോ ഓർഡിനേറ്റർമാർ എന്നിവർ പങ്കെടുക്കുന്ന യോഗം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി നാളെ (28-08-2021) രാവിലെ 10.30-ന് വിളിച്ചു ചേർത്തിട്ടുണ്ട്.
മൊത്തം 2,027 കേന്ദ്രങ്ങളിൽ ആണ് പരീക്ഷ നടക്കുന്നത്. ഗൾഫിൽ എട്ട് കേന്ദ്രങ്ങളിലും ലക്ഷദ്വീപിൽ ഒമ്പത് കേന്ദ്രത്തിലും മാഹിയിൽ ആറ് കേന്ദ്രങ്ങളിലും പരീക്ഷ നടക്കുന്നുണ്ട്. കോവിഡ് ബാധിച്ച കുട്ടികൾക്ക് പരീക്ഷ എഴുതാൻ പ്രത്യേക ക്ലാസ് മുറികൾ ഒരുക്കും. ഈ കുട്ടികളുടെ ഉത്തരക്കടലാസുകൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രത്യേകം കവറുകളിലാക്കി സൂക്ഷിക്കും.