വിദേശ യാത്ര ചെയ്യുന്നവര്‍ക്ക് പുതിയ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്;  ബ്രിട്ടന്റെ നിര്‍ദേശം അംഗീകരിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍


ന്യൂഡല്‍ഹി: എല്ലാ രാജ്യങ്ങളില്‍ നിന്നുമുല്ല കൊവിഡ്-19 സര്‍ട്ടിഫിക്കേഷന് നിശ്ചിത മാനദണ്ഡം പാലിച്ചിരിക്കണമെന്ന ബ്രിട്ടന്റെ വാദത്തോട് അനുകൂല നിലപാട് സ്വീകരിക്കാനൊരുങ്ങി ഇന്ത്യ. വിദേശയാത്ര ചെയ്യേണ്ടവര്‍ക്ക് ജനനതീയതി ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ചേര്‍ത്തുള്ള വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാനുള്ള തീരുമാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍. രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചവര്‍ക്ക് അടുത്ത അഴ്ച മുതല്‍ പുതിയ സര്‍ട്ടിഫിക്കറ്റ് ലഭ്യമായി തുടങ്ങുമെന്ന് കൊവിന്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് തിരിച്ചടിയുണ്ടാക്കുന്ന തരത്തിലുള്ള യുകെയുടെ പുതുക്കിയ യാത്രാച്ചട്ടം വിവാദമായിരുന്നു. ഇന്ത്യയില്‍ നിന്നും കൊവിഡ്-19 പ്രതിരോധ വാക്‌സിന്റെ രണ്ട് ഡോസ് സ്വീകരിച്ചവര്‍ രാജ്യത്തെത്തിയാല്‍ 10 ദിവസം നിര്‍ബന്ധിത ക്വാറന്റൈനില്‍ പ്രവേശിക്കണമെന്നാണ് നിര്‍ദേശം. യാത്ര ആരംഭിക്കുന്നതിന് മൂന്ന് ദിവസം മുന്‍പും യുകെയില്‍ എത്തി രണ്ടാം ദിവസം എട്ടാം ദിവസവും കൊവിഡ് പരിശോധനകള്‍ക്ക് വിധേയമാകണമെന്നുമാണ് നിര്‍ദേശം.

ഇന്ത്യന്‍ വാക്‌സിന്‍ അംഗീകരിച്ചില്ലെങ്കില്‍ അതേ രീതിയില്‍ തീരുമാനമെടുക്കുമെന്ന് ഇന്ത്യ അറിയിച്ചതോടെ കൊവിഷീല്‍ഡിന് യുകെ അംഗീകാരം നല്‍കിയിരുന്നു. എന്നാല്‍ ഇന്ത്യയുടെ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് പൂര്‍ണമല്ലെന്നാണ് യുകെ അറിയിച്ചത്. ഇതോടെയാണ് ഇന്ത്യ സര്‍ട്ടിഫിക്കറ്റില്‍ തിരുത്തല്‍ വരുത്താന്‍ തീരുമാനിച്ചത്.

യുകെ സര്‍ക്കാരിന്റെ നിലപാട് വിവാദമായതോടെ പ്രതികരണവുമായി ഇന്ത്യ രംഗത്തുവന്നിരുന്നു. എന്നാല്‍ ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡപ്രകാരം കൊവിഡ് സര്‍ട്ടിഫിക്കറ്റില്‍ ജനന തീയതി രേഖപ്പെടുത്തണമെന്ന് യുകെ അറിയിച്ചു. ഇന്ത്യയില്‍ നിന്നുള്ളവരുടെ സര്‍ട്ടിഫിക്കറ്റില്‍ വയസ് മാത്രമാണ് നല്‍കുന്നതെന്നും ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും വ്യക്തമാക്കി. സര്‍ട്ടിഫിക്കറ്റില്‍ തിരുത്തല്‍ വരുത്തിയാല്‍ നിര്‍ബന്ധിത ക്വാറന്റൈന്‍ ഒഴിവാക്കാമെന്നും ബ്രിട്ടന്‍ അറിയിച്ചു. ഇതിന് പിന്നാലെയാണ് വിദേശയാത്ര ചെയ്യേണ്ടവര്‍ക്ക് ജനനതീയതി ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ചേര്‍ത്തുള്ള വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാന്‍ ഇന്ത്യ തയ്യാറെടുക്കുന്നത്.

നിലവില്‍ നല്‍കുന്ന വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ വ്യക്തിയുടെ പേര്, പ്രായം, ലിംഗം, റഫറന്‍സ് ഐഡി, സ്വീകരിച്ച വാക്‌സിന്റെ പേര്, ഡോസ് സ്വീകരിച്ച തീയതി, ആദ്യ ഡോസെടുത്ത തീയതി, വാക്‌സിനേഷന്‍ നല്‍കിയാളുടെ പേര്, വാക്‌സിനേഷന്‍ കേന്ദ്രത്തിന്റെ പേര്, നഗരം - സംസ്ഥാനം എന്നിവയാണുള്ളത്. ഇതിനൊപ്പം വാക്‌സിന്‍ സ്വീകരിച്ചയാളുടെ ജനന തീയതി, ദിവസം - മാസം - വര്‍ഷം എന്ന ക്രമത്തില്‍ ഉള്‍പ്പെടുത്തി നല്‍കാനാണ് തീരുമാനം. വിദേശ യാത്ര ചെയ്യുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ മാത്രമാണ് ഈ തിരുത്തലുകള്‍ വരുത്തുന്നതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ വക്താവ് പറഞ്ഞു. വിദേശയാത്ര ചെയ്യാന്‍ തയ്യാറെടുക്കുന്നവര്‍ കൊവിന്‍ പോര്‍ട്ടലില്‍ ജനന തീയതി കൂടി ചേര്‍ത്ത ശേഷം പുതിയ സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് പ്രതിരോധ വാക്‌സിന്റെ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച് യുകെയില്‍ എത്തിയാലും വാക്‌സിന്‍ എടുക്കാത്തവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്ന തരത്തിലുള്ള നിര്‍ദേശമാണ് യുകെ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ആദ്യ ഘട്ടത്തില്‍ ഉണ്ടായത്. സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കൊവിഷീല്‍ഡ് വാക്‌സിന്‍ യുകെ അംഗീകരിച്ചെങ്കിലും വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടി പുതിയ വാദം ഉയര്‍ത്തുകയായിരുന്നു.


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media