സൗദിയില്‍ ലോകത്തിലെ ആദ്യത്തെ 'ലാഭേച്ഛയില്ലാത്ത നഗരം' സ്ഥാപിക്കുന്നു
റിയാദ്: സൗദി അറേബ്യയില്‍ ലോകത്തിലെ ആദ്യത്തെ 'ലാഭേച്ഛയില്ലാത്ത നഗരം' സ്ഥാപിക്കുമെന്ന് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ചു. ലാഭം ലക്ഷ്യമാക്കാതെയുള്ള, ലോകത്തിലെ ആദ്യത്തെ നോണ്‍ പ്രോഫിറ്റ് സിറ്റിയാണ് തലസ്ഥാന നഗരമായ റിയാദില്‍ സ്ഥാപിക്കുന്നത്. റിയാദിലെ അര്‍ഗ ഡിസ്ട്രിക്റ്റിലാണ് ഈ സിറ്റി പദ്ധതി നടപ്പാക്കുന്നത്. യുവജനങ്ങള്‍ക്കും സന്നദ്ധ വിഭാഗങ്ങള്‍ക്കും പ്രാദേശിക, അന്തര്‍ദേശീയ തലങ്ങളില്‍ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്കും വേണ്ടിയാണ് ഇങ്ങനെയൊരു നഗരം. യുവതി - യുവാക്കള്‍ക്ക് തൊഴിലവസരങ്ങളും തൊഴില്‍ പരിശീലന പരിപാടികളും നഗരം പ്രദാനം ചെയ്യും. നഗരത്തിന്റെ ഗുണഭോക്താക്കള്‍ക്ക് ആകര്‍ഷകമായ അന്തരീക്ഷം സൃഷ്ടിക്കും.
അക്കാദമികള്‍, കോളജുകള്‍, സ്‌കൂളുകള്‍ തുടങ്ങി വൈജ്ഞാനിക, വിദ്യാഭ്യാസ രംഗത്തെ ഉന്നതവും ഗുണമേന്മയുമുള്ള ലോകോത്തര സ്ഥാപനങ്ങള്‍ നഗരത്തില്‍ സ്ഥാപിക്കപ്പെടും. കോണ്‍ഫ്രന്‍സ് ഹാള്‍, സയന്‍സ് മ്യൂസിയം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഇന്റര്‍നെറ്റ്, റോബോട്ടിക്സ് തുടങ്ങിയ നൂതന സംവിധാനങ്ങളുള്ള, ശാസ്ത്ര സാങ്കേതിക രംഗത്തെ പുതിയ പുതിയ കണ്ടുപിടുത്തങ്ങള്‍ക്കായുള്ള ശ്രമങ്ങള്‍ നടക്കുന്ന 'നവീകരണ കേന്ദ്ര'വും നഗരത്തിലുണ്ടാകും. ആര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടും ഗാലറി, പെര്‍ഫോമിങ് ആര്‍ട്സ് തിയേറ്ററുകള്‍, കളിസ്ഥലം, പാചക കളരി, പാര്‍പ്പിട സമുച്ചയം എന്നിവയും നഗരത്തിലുണ്ടായിരിക്കും.
ലോകമെമ്പാടുമുള്ള സംരംഭകര്‍ക്ക് ഈ നഗരത്തില്‍ പണം മുടക്കാന്‍ അവസരമുണ്ടാകും. 'പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ നോണ്‍ പ്രോഫിറ്റ് സിറ്റി' എന്നായിരിക്കും നഗരത്തിന്റെ പേര്. റിയാദ് നഗരത്തെ ചുറ്റി സ്ഥിതി ചെയ്യുന്ന നീരൊഴുക്കുള്ള ഹരിത താഴ്‌വരയായ 'വാദി ഹനീഫ'യോട് ചേര്‍ന്നുള്ള അര്‍ഗ ഡിസ്ട്രിക്റ്റിലാണ് 3.4 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണത്തില്‍ നഗരം നിര്‍മിക്കുന്നത്. നഗരത്തിലെ മൊത്തം പ്രദേശത്തിന്റെ 44 ശതമാനം തുറന്ന ഹരിത ഇടങ്ങളായിരിക്കും.