പോപ്പുലര്‍ ഫ്രണ്ട് വിദ്വേഷ മുദ്രാവാക്യ കേസ്, പത്ത് വയസുകാരന്റെ അച്ഛന്‍ കസ്റ്റഡിയില്‍
 



ആലപ്പുഴ: ആലപ്പുഴയിലെ പോപ്പുലര്‍ ഫ്രണ്ടിന്റെ (Popular Front) റാലിയില്‍ വെച്ച് പത്ത് വയസുകാരനായ കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസില്‍ അച്ഛന്‍ കസ്റ്റഡിയില്‍. കൊച്ചി പള്ളുരുത്തിയിലെ വീട്ടില്‍ നിന്നാണ് കുട്ടിയുടെ പിതാവ് അസ്‌ക്കര്‍ അലിയെ കസ്റ്റഡിയിലെടുത്തത്. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ ഇയാളെ ആലപ്പുഴയിലേക്ക് കൊണ്ടുവരും. ആലപ്പുഴയില്‍ നിന്നുള്ള പൊലീസ് സംഘവും കൊച്ചിയിലെത്തിയിട്ടുണ്ട്. മുദ്രാവാക്യം ആരും പഠിപ്പിച്ചതല്ലെന്നും താന്‍ സ്വയം കേട്ട് പഠിച്ചതാണെന്നുമാണ് പത്ത് വയസുകാരന്റെ പ്രതികരണം. ഇത് തന്നെയാണ് കുട്ടിയുടെ അച്ഛനും ആവര്‍ത്തിക്കുന്നത്. മകനെ മുദ്രാവാക്യം പഠിപ്പിച്ചതല്ലെന്നും പോപ്പുലര്‍ ഫ്രണ്ട് പരിപാടികളില്‍ കുടുംബ സമേതം പങ്കെടുക്കാറുണ്ടെന്നും മതവികാരം വ്രണപ്പെടുത്തിയിട്ടില്ലെന്നും കുട്ടിയുടെ അച്ഛനും പറഞ്ഞു. 

കഴിഞ്ഞ ദിവസമാണ് ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ പത്ത് വയസുകാരനായ ആണ്‍കുട്ടി പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചത്. ഇതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതോടെ വ്യാപക വിമര്‍ശനമുയര്‍ന്നു. മത വിദ്വേഷം കുട്ടികളില്‍ കുത്തിവെക്കുന്ന തരത്തിലാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്ട്രീയമെന്നും കുട്ടിയെക്കൊണ്ട് ഇത്തരം പ്രകോപനപരമായ മുദ്രാവാക്യം വിളിപ്പിച്ചത് കുറ്റകരമാണെന്നും വിമര്‍ശനമുയര്‍ന്നു. ഇതിന് പിന്നാലെ സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. എന്നാല്‍ രക്ഷിതാക്കള്‍ക്കെതിരെ കേസെടുത്തിരുന്നില്ല. കേസിന് സാധ്യതയുണ്ടെന്ന് വിലയിരുത്തലുമുണ്ടായിരുന്നു. പിതാവിനെ കസ്റ്റഡിയിലെടുക്കാനായി നേരത്തെ പൊലീസ് പള്ളുരുത്തിയിലെ വീട്ടിലെത്തിയിരുന്നെങ്കിലും വീട് പൂട്ടിക്കിടക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് പിതാവ് അസ്‌ക്കറലി വീട്ടിലെത്തിയത്. ഉടന്‍ സ്ഥലത്തെത്തിയ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. 

കുട്ടിയെ കൊണ്ട് വിദ്വേഷ മുദ്രാവാക്യം വിളിപ്പിച്ച കേസില്‍ 18 പേരെയാണ് ഇന്നലെ രാത്രി പൊലീസ് അറസ്റ്റ് ചെയ്തത്. ആലപ്പുഴ ജില്ലയിലെ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെയാണ് അറസ്റ്റ് ചെയ്തത്. പരിപാടിയുടെ സംഘാടകര്‍ എന്ന നിലയിലാണ് അറസ്റ്റ്. പ്രതികളെ മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കി. പകല്‍ ഹാജരാക്കിയാല്‍ സംഘര്‍ഷസാധ്യത കണക്കിലെടുത്താണ് രാത്രി തന്നെ ഹാജരാക്കിയത്. മതവിദ്വേഷം പ്രചരിപ്പിക്കാന്‍ അവസരം ഒരുക്കിയതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. അതേസമയം, കേസില്‍ അറസ്റ്റിലായ രണ്ട് പ്രതികളെ ചൊവ്വാഴ്ച വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. മുദ്രാവാക്യം വിളിച്ചവര്‍ മാത്രമല്ല പരിപാടിയുടെ സംഘാടകര്‍ക്കെതിരെയും  നടപടി വേണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media