കോട്ടയം: ശബരിമലയിലെ തിരക്കുമായി ബന്ധപ്പെട്ട പ്രസ്താവനയില്‍ മന്ത്രി സജി ചെറിയാനെതിരെ കലാപാഹ്വാനത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ഡിജിപിക്ക് പരാതി നല്‍കി. മതസൗഹാര്‍ദ്ദം തകര്‍ക്കാനും കലാപം സൃഷ്ടിക്കാനും മന്ത്രി ശ്രമിച്ചെന്ന് കാട്ടിയാണ് കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷാണ് പരാതി നല്‍കിയത്. പാമ്പാടിയിലെ നവകേരള സദസില്‍ മന്ത്രി നടത്തിയ പ്രസ്തവനയ്‌ക്കെതിരെയാണ് പരാതി.
ശബരിമല വിഷയം രാഷ്ട്രീയ പ്രേരിതമാണെന്ന് ശബരിമല മുന്‍ മേല്‍ശാന്തി ശങ്കരന്‍ നമ്പൂതിരി പറഞ്ഞെന്നായിരുന്നു സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ പ്രസ്താവന. നവകേരളസഭ കോട്ടയത്ത് എത്തിയപ്പോള്‍ തൊട്ടടുത്തുള്ള ശബരിമലയില്‍ കൃത്രിമമായി തിരക്കുണ്ടാക്കി ശ്രദ്ധതിരിക്കാന്‍ ശ്രമം നടത്തുകയാണെന്ന് ശങ്കരന്‍ നമ്പൂതിരി തന്നോട് പറഞ്ഞെന്നും ഇത് അന്വേഷിക്കണമെന്നുമായിരുന്നു സജി ചെറിയാന്‍ പറഞ്ഞത്. പാമ്പാടിയില്‍ നവകേരള സദസിനിടെയായിരുന്നു മന്ത്രിയുടെ പ്രസ്തവന.