ദില്ലി : ക്രിസ്മസ് ന്യൂ ഇയര്‍ അവധിക്കും ആഘോഷത്തിനുമായി നാട്ടിലെത്താനാകാതെ മറുനാടന്‍ മലയാളികള്‍. റെയില്‍വേയില്‍ ടിക്കറ്റ് കിട്ടാനില്ല. വിമാനത്തില്‍ വരാമെന്ന് കരുതിയാല്‍ പൊള്ളുന്ന വിലയാണ് . ആറിരട്ടി വരെയാണ് ടിക്കറ്റ് നിരക്ക് ഉയര്‍ന്നത്. തിരക്ക് കണക്കിലെടുത്ത് പ്രത്യേക ട്രെയിനെന്ന മുംബൈ മലയാളികളുടെ ആവശ്യത്തോട് റെയില്‍വേ മുഖം തിരിച്ചിരിക്കുകയാണ് . മറ്റിടങ്ങളിലേക്ക് പ്രത്യേക ട്രെയിന്‍ ഓടിക്കുമ്പോഴാണ് കേരളത്തോടുള്ള അവഗണന. ട്രെയില്‍ ടിക്കറ്റുകളെല്ലാം മാസങ്ങള്‍ക്ക് മുന്‍പേ വിറ്റ് പോയതിനാല്‍ ഈ ക്രിസ്മസ് കാലത്ത് നാട്ടിലെത്തുക മലയാളികള്‍ക്ക് പ്രതിസന്ധിയായി. വിമാന നിരക്ക് കുത്തനെ കൂടിയതോടെ നാട്ടിലെത്തണമെന്ന ആഗ്രഹം മാറ്റിവെക്കുകയാണ് ദില്ലിയിലെ മലയാളികളും. മൂന്നും നാലും ദിവസത്തെ അവധി മാത്രം കിട്ടുമ്പോള്‍ ഒന്നര ദിവസം ട്രെയിനില്‍ ചെലവഴിക്കുന്നത് പ്രായോഗികമല്ല എന്നും ഇവര്‍ പറയുന്നു
ആഘോഷകാലത്തെ തിരക്ക് മുന്നില്‍ കണ്ട് ടൂറിസ്റ്റ് ബസുകളും കൂടിയ നിരക്കാണ് ഈടാക്കുന്നത്. നിരക്ക് ഏകീകരിക്കാനോ കുറയ്ക്കാനോ സര്‍ക്കാര്‍ നടപടിയും ഇല്ല