ചെറാട് മലയില്‍ കുടുങ്ങിയ യുവാവിനായി രക്ഷാപ്രവര്‍ത്തനംതുടരുന്നു:ഹെലികോപ്റ്റര്‍ ഉപയോഗിച്ചുള്ള ശ്രമം പരാജയപ്പെട്ടു


പാലക്കാട്: മലമ്പുഴ ചെറാട് മലയില്‍ കുടുങ്ങിയ യുവാവിനെ താഴെയെത്തിക്കാന്‍ നേവിയുടെ സഹായം തേടി. ചെങ്കുത്തായ കൂര്‍മ്പാച്ചി മലയിലാണ് യുവാവ് കുടുങ്ങിയത്. ദേശീയ ദുരന്തനിവാരണ സേന സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. യുവാവിനെ ഹെലികോപ്ടര്‍ ഉപയോഗിച്ച് താഴെയിറക്കാന്‍ നീക്കം നടത്തിയെങ്കിലും ഫലം കണ്ടില്ല. 

കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ മലയിലേക്ക് എത്തിയെങ്കിലും ശക്തമായ കാറ്റ് മൂലം യുവാവിന് അരികിലേക്ക് എത്താനോ നിയന്ത്രിച്ചുനിര്‍ത്താനോ സാധിച്ചില്ല. ഇതേ തുടര്‍ന്ന് ഹെലികോപ്റ്റര്‍ കഞ്ചിക്കോട്ടേക്ക് തിരിച്ചു പോയി. ഹെലികോപ്റ്റര്‍ ഉപയോഗിച്ച് തന്നെ ബാബുവിന് ഭക്ഷണവും വെള്ളവും എത്തിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടത്തുന്നത്. ഹെലികോപ്റ്റര്‍ ഉപയോഗിച്ചുള്ള ആദ്യ രക്ഷാപ്രവര്‍ത്തനം പരാജയപ്പെട്ട സാഹചര്യത്തില്‍ ഇനി കോഴിക്കോട് നിന്നും പര്‍വ്വതാരോഹകസംഘത്തെ എത്തിച്ച് രക്ഷാപ്രവര്‍ത്തനം നടത്തുവാനാണ് ആലോചിക്കുന്നത്. 

ചെറാട് സ്വദേശി ബാബുവാണ് ഇന്നലെ മലയിലെ പാറയിടുക്കില്‍ കുടുങ്ങിയത്. ഇയാളും 2 സുഹൃത്തുക്കളും മലയിലേക്ക് ഇന്നലെ രാവിലെയാണ് കയറിയത്. സുഹൃത്തുക്കള്‍ തിരിച്ചു ഇറങ്ങുകയും ഇയാള്‍ മലയില്‍ കുടുങ്ങുകയും ആയിരുന്നു. മലയിറങ്ങുന്നതിനിടെ പാറയിടുക്കിലേക്ക് യുവാവ് വീഴുകയായിരുന്നു. വീഴ്ചയെ തുടര്‍ന്ന് പിന്നെ ഇയാള്‍ക്ക് മുകളിലേക്ക് കേറി വരാനായില്ല. ഇയാളെ രക്ഷിക്കാന്‍ കൂട്ടുകാരും ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതോടെ ഇവര്‍ മലയിറിങ്ങി നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. 

തന്റെ കാലിന് പരിക്കേറ്റ ചിത്രങ്ങള്‍ ബാബു അയച്ചു നല്‍കിയിട്ടുണ്ട്. ഇന്നലെ ബാബുവിന് അരികിലേക്ക് രക്ഷാപ്രവര്‍ത്തകര്‍ എത്തിയെങ്കിലും ചെങ്കുത്തായ മലയിടുക്കിലേക്ക് എത്താനാവാതെ തിരിച്ചു പോകുകയായിരുന്നു. ദേശീയ ദുരന്ത നിവാരണ വിഭാഗത്തിന്റെ ഒരു സംഘം നിലവില്‍ യുവാവ് കുടുങ്ങി കിടക്കുന്ന പാറക്കെട്ടിന് അടുത്തു ക്യാംപ് ചെയ്യുന്നുണ്ട്. എന്നാല്‍ ഇവര്‍ക്കും യുവാവിനെ നേരില്‍ കാണാന്‍ സാധിക്കില്ല. താഴെ നിന്നു നോക്കിയാല്‍ യുവാവിനെ കാണാന്‍ സാധിക്കും. 

കഷ്ടിച്ച മൂന്നടി നീളമുള്ള ഒരു മലയിടുക്കിലാണ് യുവാവുള്ളത്. ഇവിടേക്ക് മറ്റു മൃഗങ്ങള്‍ക്കും ഒന്നും എത്തിച്ചേരാന്‍ പറ്റില്ല. എന്നാല്‍ ഭക്ഷണമോ വെള്ളമോ കിട്ടാതെ യുവാവിന് ഒറ്റയ്ക്ക് അധികം സമയം അവിടെ തുടരാനുമാവില്ല. കൂടുതല്‍ ദേശീയ ദുരന്തനിവാരണ സേനാഗംങ്ങള്‍ ഉടനെ ഇവിടേക്ക് എത്തും. പാലക്കാട് ജില്ലാ കളക്ടര്‍ ആണ് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്. 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media