കോഴിക്കോട്: ലേസര്‍ ആന്‍ജിയോപ്ലാസ്റ്റി ചികിത്സയുമായി കോഴിക്കോട് മെട്രോമെഡ് ഇന്റര്‍നാഷണല്‍ കാര്‍ഡിയാക് സെന്റര്‍. ലേസര്‍ ആന്‍ജിയോപ്ലാസ്റ്റി സൗകര്യമൊരുക്കുന്ന ഉത്തര കേരളത്തിലെ ആദ്യ ആശുപത്രിയാണ് മെട്രോമെഡ്. കേരളത്തില്‍ തന്നെ മൂന്ന് ആശുപത്രികളില്‍ മാത്രമേ ഈ സൗകര്യമുള്ളൂ. സാധാരണ ആന്‍ജിയോപ്ലാസ്റ്റി വഴി നീക്കചെയ്യാനാവാതെ ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറി വേണ്ടി വരുന്ന ബ്ലോക്കുകള്‍ പോലും നീക്കം ചെയ്യാം എന്നതാണ് ലേസര്‍ ആന്‍ജിയോപ്ലാസ്റ്റിയുടെ പ്രത്യേകത. മെട്രോ മെഡിലെ ആദ്യ ലേസര്‍ ആന്‍ജിയോപ്ലാസ്റ്റി 75 വയസുകാരനില്‍ കഴിഞ്ഞ ദിവസം വിജയപ്രദമായി ചെയ്തു. പ്രായം കൂടിയവരില്‍ ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറി ദുഷ്‌കരമാണ്. പ്രായാധിക്യമുള്ള പലരും അതിനു തയ്യാറാവുകയുമില്ല. ഇവിടെയാണ് ലേസര്‍ ആന്‍ജിയോ പ്ലാസ്റ്റി ഏറെയും ഗുണകരമാവുന്നത്.
കൊഴുപ്പ് അടിഞ്ഞും കാല്‍സിയം ഡെപ്പോസിറ്റ് ധമനികളില്‍ വന്നുമാണ് സാധാരണ ബ്ലോക്ക് കണ്ടു വരുന്നത്. ആന്‍ജിയോപ്ലാസ്റ്റി ചെയ്യുമ്പോള്‍ സുഗമമായ രക്തയൊഴുക്കിന് തടസമാവുന്ന ഇവയെ സ്‌റ്റെന്റ് ഇട്ട് വശങ്ങളിലേക്ക് ഒതുക്കി നിര്‍ത്തുകയാണ് ചെയ്യുന്നത്. എന്നാല്‍ ലേസര്‍ ആന്‍ജിയോപ്ലാസ്റ്റി വഴി കൊഴുപ്പിനേയും കാല്‍സ്യം ഡെപ്പോസിറ്റിനേയും ബാഷ്പീകരിച്ച് ഇല്ലാതാക്കുന്നു . ഇതിനാല്‍ വീണ്ടും ബ്ലോക്ക് വരാനുള്ള സാധ്യതയും നന്നേ കുറവാണ്.
ലേസര്‍ ആന്‍ജിയോ പ്ലാസ്റ്റി എന്ന പുതിയ സാങ്കേതിക വിദ്യയുടെ കടന്നുവരവോടെ അതി കഠിനമായ ബ്ലേക്കുകള്‍ പോലും ഹൃദയ ശത്രക്രിയ കൂടാതെ ഭേദമാക്കാന്‍ കഴിയും. രോഗിക്ക് രണ്ടു ദിവസത്തിനകം ആശുപത്രി വിടുകയും ചെയ്യാം. ഹൃദയ ധമനികളില്‍ മാത്രമല്ല കാലിലെ രക്ത ധമനികളിലെ ബ്ലേക്കുകളും ലേസര്‍ ആന്‍ജിയോ പ്ലാസ്റ്റി വഴി നീക്കം ചെയ്യാം. മെട്രോമെഡ് ഇന്റര്‍നാഷണല്‍ കാര്‍ഡിയാക് സെന്ററിലെ ചീഫ് കാര്‍ഡിയോളജിസ്റ്റ് ഡോ.മുഹമ്മദ് മുസ്തഫ, സീനിയര്‍ കാര്‍ഡിയോജിസ്റ്റുകളായ ഡോ.അരുണ്‍ ഗോപി, ഡോ.പി.വി.ഗിരീഷ്, അശ്വിന്‍ പോള്‍ എന്നിവരുടെ നേതൃത്വത്തിലാണ് ആദ്യത്തെ ലേസര്‍ ആന്‍ജിയോപ്ലാസ്റ്റി ചികിത്സ മെട്രോമെഡില്‍ വിജയകരമായി പൂര്‍ത്തിയാക്കിയത്.
വാര്‍ത്താ സമ്മേളനത്തില്‍ ഡോ. മുഹമ്മദ് മുസ്തഫ, ഡോ.അരുണ്‍ ഗോപി, ഡോ.പി.വി. ഗരീഷ്, ഡോ. അശ്വിന്‍ പോള്‍ എന്നിവര്‍ പങ്കെടുത്തു.