ആറ്റിങ്ങലില്‍ എട്ടു വയസുകാരിയെ പിങ്ക് പൊലീസ് അപമാനിച്ച സംഭവം; ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
കൊല്ലം: ആറ്റിങ്ങലില്‍ എട്ടു വയസുകാരിയെ പിങ്ക് പൊലീസ് അപമാനിച്ചതുമായി ബന്ധപ്പെട്ട ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കുട്ടിക്ക് അനുകൂലമായി സംസ്ഥാന സര്‍ക്കാര്‍ എന്ത് നടപടി സ്വീകരിക്കും എന്ന് കഴിഞ്ഞ തവണ കേസ് പരിഗണിക്കെ കോടതി ചോദിച്ചിരുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇന്ന് നിലപാട് അറിയിക്കും.
കുട്ടിയെ പരിശോധിച്ച ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിനോട് വീഡിയോ കോണ്‍ഫറന്‍സ് വഴി ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ തവണ കേസ് പരിഗണിക്കെ ഡിജിപിയെ കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഡിജിപിയുടെ റിപ്പോര്‍ട്ട് പക്ഷപാതപരമാണെന്നും പോലീസുകാരിയെ സംരക്ഷിക്കുന്നതിന് പകരം പൗരന്റെ അവകാശം സംരക്ഷിക്കാന്‍ ഡിജിപി ശ്രമിക്കണമെന്നും കോടതി പറയുകയുണ്ടായി.
തിരുവനന്തപുരം ആറ്റിങ്ങലിലാണ് എട്ട് വയസ്സുകാരിയെയും അച്ഛനെയും പിങ്ക് പൊലീസ് ഉദ്യോഗസ്ഥ അപമാനിച്ചത്. മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു പരസ്യവിചാരണ. പോലീസ് ഉദ്യോഗസ്ഥ രജിതക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിനുമുന്നിലും പ്രതിഷേധം നടന്നിരുന്നു.സ്ഥലം മാറ്റത്തിലൂടെ ഇവരെ രക്ഷിക്കാനാണ് പൊലീസിന്റെ ശ്രമമെന്നും കുടുംബം പറഞ്ഞു. അതേസമയം മോഷ്ടിച്ചെന്നാരോപിച്ച മൊബൈല്‍ ഫോണ്‍ പൊലീസ് ഉദ്യോഗസ്ഥയുടെ ബാഗില്‍ നിന്ന് തന്നെ കണ്ടെത്തുകയും ചെയ്തിരുന്നു.
സംഭവം വിവാദമായതോടെ സംഭവത്തില്‍ മാപ്പ് പറഞ്ഞ് പിങ്ക് പൊലീസ് ഉദ്യോഗസ്ഥ കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. ബുദ്ധിമുട്ട് നിറഞ്ഞ ചുറ്റുപാടില്‍ നിന്നാണ് വരുന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥ വിശദീകരിച്ചു. തന്നെ ആശ്രയിച്ച് കഴിയുന്ന കുടുംബത്തെ കണക്കിലെടുക്കണമെന്നും സത്യവാങ്മൂലത്തില്‍ പറഞ്ഞു.മാപ്പപേക്ഷ കണക്കിലെടുക്കുന്നതായി കോടതി അറിയിച്ചുവെങ്കിലും മാപ്പപേക്ഷ സ്വീകരിക്കില്ലെന്ന് കുട്ടിയുടെ പിതാവ് ജി ജയചന്ദ്രന്‍ പറഞ്ഞു. കുട്ടി ഞെട്ടലില്‍ നിന്ന് ഇനിയും മുക്തയായിട്ടില്ലെന്നും കേസുമായി മുന്നോട്ട് പോകുമെന്നും പിതാവ് ് പറഞ്ഞിരുന്നു.