ശബരിമല മെസ്, അന്നദാന നടത്തിപ്പില്‍ ക്രമക്കേട്;
കരാര്‍ നല്‍കിയത് ടെന്‍ഡറില്‍ പങ്കെടുക്കാത്ത സ്ഥാപനങ്ങള്‍ക്ക്
കോട്ടയം:ശബരിമല മെസ്, അന്നദാന നടത്തിപ്പില്‍ ക്രമക്കേടെന്ന് കണ്ടെത്തല്‍. 2019-2020 കാലയളവിലെ ശബരിമല, പമ്പ, നിലയ്ക്കല്‍ മെസ് അന്നദാനം നടത്തിപ്പിലാണ് ക്രമക്കേട് കണ്ടെത്തിയത്. ഇ-ടെന്‍ഡറില്‍ പങ്കെടുക്കാത്ത സ്ഥാപനങ്ങള്‍ക്കാണ് കരാര്‍ നല്‍കിയത്. പലചരക്ക്, പച്ചക്കറി വിതരണത്തില്‍ ഏറ്റവും കുറവ് തുക ടെന്‍ഡര്‍ നല്‍കിയ സ്ഥാപനത്തെ ഒഴിവാക്കുകയും ചെയ്തു. ശബരിമലയിലേക്ക് ഏഴ് ടെന്‍ഡറുകളും നിലയ്ക്കലിലേക്ക് മൂന്നും പമ്പയിലേക്ക് രണ്ടും ടെന്‍ഡറുകളാണ് ലഭിച്ചത്. എന്നാല്‍ ഏറ്റവും കുറഞ്ഞ തുക ഓഫര്‍ ചെയ്തത് കൊല്ലം കേന്ദ്രീകരിച്ചുള്ള ജെപിഎന്‍ ട്രേഡേഴ്സ് ആയിരുന്നു. ഈ സ്ഥാപനത്തെയും ടെന്‍ഡറില്‍ പങ്കെടുത്ത മറ്റ് സ്ഥാപനങ്ങളെയും ഒഴിവാക്കിയാണ് കരാര്‍ പുറത്തുനിന്നുള്ളവര്‍ക്ക് നല്‍കിയത്.
ശബരിമലയിലേക്ക് ഇരവികുമാര്‍ സ്റ്റോര്‍സ് ഇടുക്കി, പമ്പയിലേക്ക് ശിവ ഫുഡ്സ് മണക്കാട്, നിലയ്ക്കലിലേക്ക് സ്വാമി അയ്യപ്പ എന്റര്‍പ്രൈസസ് കൊച്ചി എന്നിവര്‍ക്കാണ് കരാര്‍ നല്‍കിയിരുക്കുന്നത്. എന്നാല്‍ ഇവരാരും ടെന്‍ഡറില്‍ പങ്കെടുത്തിട്ടില്ലെന്ന് വിവരാവകാശ രേഖകള്‍ തെളിയിക്കുന്നു
നേരത്തെ നിലയ്ക്കല്‍ ദേവസ്വം മെസിലേക്ക് പലചരക്ക്, പച്ചക്കറി വിതരണം നടത്തിയതില്‍ ലക്ഷങ്ങളുടെ അഴിമതിയുണ്ടെന്ന വാര്‍ത്ത ട്വന്റിഫോര്‍ പുറത്തുകൊണ്ടുവന്നിരുന്നു. വൗച്ചറുകളില്‍ തന്റെ ഒപ്പ് വ്യാജമായി ഇട്ട് ലക്ഷങ്ങളുടെ തിരിമറി നടത്തിയെന്നായിരുന്നു കരാറുകാരന്റെ വെളിപ്പെടുത്തല്‍.