മുല്ലപ്പെരിയാര്‍ മരംമുറി; പുതിയ അപേക്ഷയുമായി 
തമിഴ്‌നാട് സുപ്രീംകോടതിയില്‍


 
ദില്ലി:  മരം മുറി വിഷയത്തില്‍ പുതിയ അപേക്ഷയുമായി തമിഴ്‌നാട് സുപ്രീംകോടതിയെ സമീപിച്ചു. മരം മുറിക്ക് നല്‍കിയ അനുമതി പുനസ്ഥാപിക്കാന്‍ നിര്‍ദേശം നല്‍കണമെന്നാണ് തമിഴ്‌നാടിന്റെ ആവശ്യം. മരം മുറി അനുമതി റദ്ദാക്കിയത് കോടതി അലക്ഷ്യമാണെന്നും ഹര്‍ജിയില്‍ പറയുന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ട് ബലപ്പെടുത്താനുള്ള നടപടികള്‍ക്കുള്ള തടസം നീക്കണം. വള്ളക്കടവ് റോഡിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.മുല്ലപ്പെരിയാര്‍ ബേബിഡാം ബലപ്പെടുത്താനുള്ള നടപടികള്‍ക്ക് കേരളം നിരന്തരം തടസ്സം നില്‍ക്കുകയാണെന്നാണ് തമിഴ്‌നാട് ആരോപിക്കുന്നത്. മേല്‍നോട്ടസമിതി നിരന്തരം ആവശ്യപ്പെട്ടിട്ടും ഇതിന് കേരളം അനുമതി നല്‍കുന്നില്ല. കേരളം കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും തമിഴ്‌നാട് സുപ്രീംകോടതിയില്‍ ആരോപിക്കുന്നു. 

മുല്ലപ്പെരിയാര്‍ ബേബി ഡാം ബലപ്പെടുത്തുന്നതിന്റെ ഭാഗമായി ഇതിനടുത്തുള്ള 15 മരങ്ങള്‍ മുറിയ്ക്കാന്‍ ആദ്യം അനുമതി നല്‍കിയ കേരളം പിന്നീട് ഈ ഉത്തരവ് റദ്ദാക്കി. റദ്ദാക്കിയ വിവരം തങ്ങള്‍ അറിയുന്നത് മാധ്യമങ്ങളിലൂടെയാണെന്നും നേരത്തെ കേരളം നല്‍കിയ സത്യവാങ്മൂലത്തിന് തമിഴ്‌നാട് സുപ്രീംകോടതിയില്‍ നല്‍കിയ മറുപടിയില്‍ പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട മാധ്യമറിപ്പോര്‍ട്ടുകളുടെ പകര്‍പ്പും തമിഴ്‌നാട് സുപ്രീംകോടതിയില്‍ നല്‍കിയിരുന്നു. മരംമുറി ഉത്തരവ് റദ്ദാക്കിയ കേരളത്തിന്റെ നടപടി ഇരട്ടത്താപ്പാണെന്നും തമിഴ്‌നാട് നല്‍കിയ മറുപടിയില്‍ ആരോപിച്ചിരുന്നു. ബേബി ഡാം ബലപ്പെടുത്താനുള്ള നടപടികള്‍ തുടങ്ങണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രജലവിഭവമന്ത്രാലയത്തിന്റെ ജോയന്റ് സെക്രട്ടറി സഞ്ജയ് അവസ്തി കേരളത്തിന്റെ അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നല്‍കിയ കത്തിന്റെ പകര്‍പ്പും മറുപടിക്കൊപ്പം തമിഴ്‌നാട് ഹാജരാക്കിയിരുന്നു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media