കോഴിക്കോട്: സ്‌കൂളുകളില്‍ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി സൂംബ ഡാന്‍സ് ഉള്‍പ്പെടുത്തുന്നതില്‍ എതിര്‍പ്പുമായി സമസ്ത. മത അവഹേളനമാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് സമസ്ത മുശാവറ അംഗം ബഹാവുദ്ദീന്‍ നദ്വി ആരോപിച്ചു. മത സംഘടനകള്‍ പ്രതികരിക്കണമെന്നും ബഹാവുദ്ദീന്‍ നദ്വി ഫേസ്ബുക്കില്‍ കുറിച്ചു. സര്‍ക്കാരിനെ കണ്ട് തീരുമാനം പിന്‍വലിക്കാന്‍ ആവശ്യപ്പെടുമെന്ന് എസൈ്വഎസ് നേതാവ് അബ്ദുസമദ് പൂക്കോട്ടൂര്‍ പറഞ്ഞു.
സൂംബ എല്ലാ കുട്ടികള്‍ക്കും ഉള്ള പദ്ധതി എന്ന രീതിയിലാണ് സ്‌കൂളുകളില്‍ നടപ്പാക്കുന്നത്. ആണും പെണ്ണും ഒരുമിച്ച് ആടിപ്പാടുന്ന പ്രക്രിയയാണ് കൊണ്ടുവരുന്നത്. പ്രായോഗികമായി അംഗീകരിക്കാന്‍ കഴിയാത്ത കാര്യം. ലഹരിക്ക് എതിരെ നല്ല ബോധവല്‍ക്കരണമാണ് ആവശ്യമെന്ന് അബ്ദുസമദ് പൂക്കോട്ടൂര്‍ പറഞ്ഞു.
ഒരു ആരോഗ്യ പരിശീലന പരിപാടി എന്ന നിലക്കാണ് കൊണ്ടുവരുന്നത്. മാറിനില്‍ക്കുന്ന കുട്ടികള്‍ക്ക് മാനസിക പ്രയാസങ്ങള്‍ ഉണ്ടാകും. കുട്ടികള്‍ക്ക് സന്തോഷം നല്‍കുന്ന പലകാര്യങ്ങളും ഉണ്ടാകും. അവര്‍ക്ക് അതിന്റെ പ്രത്യാഘാതം അറിയില്ല. ആരോഗ്യ സംരക്ഷണമാണ് ലക്ഷ്യമെങ്കില്‍ കായിക അധ്യാപകരുടെ ഒഴിവു നികത്തണം. ആരോഗ്യ സംരക്ഷണത്തിന് ഇങ്ങനെ ഒരു ഡാന്‍സിന്റെ ആവശ്യമേയില്ലെന്ന് അബ്ദുസമദ് പൂക്കോട്ടൂര്‍ പറഞ്ഞു.
പദ്ധതി പാടേ ഉപേക്ഷിക്കണമെന്ന് അബ്ദുസമദ് പൂക്കോട്ടൂര്‍ ആവശ്യപ്പെട്ടു. പശ്ചാത്യ സംസ്‌കാരത്തില്‍ നമ്മുടെ സംസ്‌കൃതിക്ക് യോജിക്കാത്ത പലതും ഉണ്ട് .ധാര്‍മിക തകര്‍ച്ച വരാന്‍ സാധ്യതയുണ്ടെന്ന് അദേഹം പറഞ്ഞു. ധാര്‍മികതയ്‌ക്കെതിരായ ഒരു കാര്യവും മതപണ്ഡിതര്‍ അനുവദിക്കില്ല. ജെന്‍ഡര്‍ ന്യൂട്രാലിറ്റിയെ ശക്തമായി എതിര്‍ത്തതാണ്. ഈ വിഷയത്തിലും ഗൗരവമായി ഏറ്റെടുക്കണമെങ്കില്‍ ഏറ്റെടുക്കുമെന്ന് അബ്ദുസമദ് പൂക്കോട്ടൂര്‍ വ്യക്തമാക്കി. സൂംബ ഡാന്‍സ് ഉള്‍പ്പെടുത്താനുള്ള തീരുമാനത്തിന് എതിരെയുള്ള വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ രം?ഗത്തെത്തിയതിന് പിന്നാലെയാണ് എതിര്‍പ്പുമായി സമസ്ത രം?ഗത്തെത്തിയിരിക്കുന്നത്.