ബംഗളൂരു: കര്‍ണാടകയിലെ ചിക്കമംഗളൂരുവില്‍ കാണാതായ പതിനഞ്ചുകാരി മലയാളി പെണ്‍കുട്ടിക്കായി നാലാദിവസവും തിരച്ചില്‍ തുടരുന്നു. പാലക്കാട് സ്വദേശി നരേശന്റെ മകള്‍ ഗ്രീനന്ദയേയാണ് വിനോദയാത്രയിക്കെത്തിയപ്പോള്‍ കാണാതായത്. ലഹരിവസ്തുക്കള്‍ നല്‍കി മയക്കി കുട്ടിയെ തട്ടിക്കൊണ്ടു പോയതാകാമെന്നാണ് ശ്രീനന്ദയുടെ കുടുംബം സംശയിക്കുന്നത്. പ്രദേശത്ത് സീസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് പോലീസ് അന്വേഷണം ശക്തമാക്കി തട്ടിക്കൊണ്ടുപോകന്‍ സാധ്യത പോലീസും തള്ളിയിട്ടില്ല. ആരും ഇല്ലാത്ത സമയത്ത് കുട്ടിയെ പിടിച്ചു കൊണ്ടുപോയതാകാമെന്നാണ് മാതാവ് പറയുന്നത്.
'മൂന്ന് രാത്രിയായി. എങ്ങനെയെങ്കിലും എന്റെ കുട്ടിയെ രക്ഷിക്കണം. അവിടെ വീണിട്ടുണ്ടാകും എന്ന് തോന്നുന്നില്ല. ആരെങ്കിലും കിഡ്‌നാപ്പ് ചെയ്തിട്ടുണ്ടാകും എന്നാണ് എനിക്ക് തോന്നുന്നത്. ഡ്രഗ് കൊടുത്ത് മയക്കികൊണ്ടുപോയിട്ടുണ്ടാകും എന്നാണ് എനിക്ക് തോന്നുന്നത്. എത്രയും പെട്ടെന്ന് എന്റെ കുട്ടിയെ കണ്ടെത്തിത്തരണം. ബംഗളൂരുവില്‍ വന്നിറങ്ങിയപ്പോള്‍ ആരെങ്കിലും അവളെ നോട്ട് ചെയ്ത് വെച്ചിട്ടുണ്ടാകും. പെട്ടെന്ന് ഒറ്റയ്ക്ക് മുകളിലേക്ക് വന്നപ്പോള്‍ അവളെ കിഡ്നാപ്പ് ചെയ്തു കൊണ്ടുപോയിട്ടുണ്ടാകും. കിഡ്‌നാപ്പ് തന്നെയാണ്. എങ്ങനെയെങ്കിലും എന്റെ കുട്ടിയെ കണ്ടെത്തിത്തരണം: ശ്രീനന്ദയുടെ അമ്മ രേണുക വികാരാധീനയായി പറഞ്ഞു. ചിക്കമംഗളൂരു നോര്‍ത്ത് പോലീസില്‍ ഇത് സംബന്ധിച്ച് കുടുംബം പരാതി നല്‍കിയിട്ടുണ്ട്.
തിരക്കേറിയ സ്ഥലത്ത് നിന്നാണ് കുട്ടിയെ കാണാതാകുന്നത്. 40 അംഗസംഘമായിരുന്നു വിനോദസഞ്ചാരത്തിനായി ചിക്കമംഗളൂരുവില്‍ എത്തിയത്. ചൊവ്വാഴ്ച വൈകിട്ട് 5:20ന് കുടുംബത്തോടൊപ്പം എടുത്ത ഫോട്ടോയില്‍ കുട്ടി പിറകില്‍ നില്‍ക്കുന്നുണ്ട്. എന്നാല്‍ 5:35ന് എടുത്ത് ഫോട്ടോകളില്‍ കുട്ടിയെ കാണാനില്ല. 15 മിനിറ്റിനുള്ളില്‍ എന്താണ് സംഭവിച്ചു എന്നത് ഇപ്പോഴും ദുരൂഹമാണ്.ചെങ്കുത്തായ മലഞ്ചെരിവുള്ള ബാവാ പുത്തന്‍ഗിരി ചിക്കമംഗളൂരുവിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ്. ഇവിടങ്ങളില്‍ വിശദമായ പരിശോധന നടത്തി വരുന്നുണ്ട്. പോലീസിന്റെയും വനംവകുപ്പിന്റേയും നേതൃത്യത്തിലുള്ള സംഘം പരിശോധന നടത്തി വരുന്നുണ്ട്.
പോലീസിന്റെയും വനംവകുപ്പിന്റേയും നേതൃത്വത്തിലുള്ള 25 അംഗസംഘം കഴിഞ്ഞ ദിവസങ്ങളില്‍ ഇവിടം തിരച്ചില്‍ നടത്തിയിരുന്നു. കര്‍ണാടക വനംവകുപ്പ് മന്ത്രിയുടെ പ്രത്യേക നിര്‍ദേശ പ്രകാരം നൂറംഗ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്സിനെ കൂടി ഇന്ന് നിയോഗിച്ചിട്ടുണ്ട്. മാണിക്യധാര വെള്ളച്ചാട്ടത്തിന് സമീപത്തായി കഴിഞ്ഞ ദിവസം തിരച്ചില്‍ നടത്തിയിരുന്നു. കേരള പോലീസിന്റെ നാലംഗ സംഘവും പ്രദേശത്ത് എത്തിയിട്ടുണ്ട്.
ആറുമണിക്ക് മുമ്പായി ഒമ്പതോളം വാഹനങ്ങള്‍ പാര്‍ക്കിങ് ഏരിയയില്‍ നിന്ന് പുറത്തേക്ക് പോയിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ ശേഖരിച്ച് ആരൊക്കെയാണ് എന്ന് പോലീസ് അന്വേഷിച്ചു വരികയാണ്. ഡ്രോണുകളുപയോഗിച്ചുള്ള പരിശോധനകളടക്കം മേഖലയില്‍ നടത്തിയിരുന്നു.ഹമ്പിയില്‍ നിന്നാണ് കുടുംബം ചിക്കമംഗളൂരുവിലേക്ക് എത്തിയത്. ഇവിടെ വെച്ച് കുട്ടിയെ ആരെങ്കിലും പിന്തുടര്‍ന്നിട്ടുണ്ടോ എന്ന കാര്യവും പോലീസ് പരിശോധിച്ചു വരുന്നുണ്ട്. കുട്ടിയുടെ മാതാപിതാക്കളും പതിനഞ്ചംഗ സംഘവും സ്ഥലത്ത് തന്നെ തുടരുകയാണ്.