കോഴിക്കോട്: കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിലും കോഴിക്കോട് ജില്ലയില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കനത്ത മഴയെ തുടര്‍ന്ന് പല സ്ഥലങ്ങളിലും വെളളക്കെട്ട് രൂപപ്പെട്ടതിനെ തുടര്‍ന്നും കോഴിക്കോട് ജില്ലയില്‍ അടുത്ത ദിവസങ്ങളിലും ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നും അപകടങ്ങളും ദുരന്തങ്ങളും ഒഴിവാക്കാനായി ജില്ലയിലെ റെസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒഴികെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ആയിരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു. ട്യൂഷന്‍ സെന്ററുകള്‍, മദ്രസകള്‍, പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി ആയിരിക്കും. യൂണിവേഴ്‌സിറ്റി പരീക്ഷകള്‍, പിഎസ്‌സി പരീക്ഷകള്‍ എന്നിവ മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം മാറ്റമില്ലാതെ നടക്കുന്നതാണ്. ജില്ലയിലെ അങ്കണവാടികള്‍ക്കും ഈ അവധി ബാധകമാണ്.
കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. നഴ്സറി, പ്രൊഫഷണല്‍ കോളജ് ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. വയനാട് ജില്ലയില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കേണ്ടതാണ്. പുഴയിലോ, വെള്ളക്കെട്ടിലോ കുളിക്കാന്‍ ഉള്‍പ്പെടെ ഇറങ്ങാന്‍ പാടുള്ളതല്ല. അത്യാവശ്യമില്ലാത്ത യാത്രകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കണമെന്നും കളക്ടര്‍ അറിയിച്ചു. കോഴിക്കോട് ജില്ലയിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.