ബംഗളൂരു: കര്‍ണാടകയിലെ ബിടതിയില്‍ കെ.എസ്.ആര്‍.ടി.സി ബസ് മറിഞ്ഞുണ്ടായ ദാരുണമായ അപകടത്തില്‍ ഡ്രൈവറും കണ്ടക്ടറും മരിച്ചു. കോഴിക്കോട് ഡിപ്പോയിലെ KL 15 A 1963 നമ്പര്‍ സൂപ്പര്‍ ഡീലക്‌സ് എയര്‍ ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ മരിച്ച രണ്ടുപേരില്‍ ഒരാള്‍ ബസിലെ കണ്ടക്ടറായ കോഴിക്കോട് കോവൂര്‍ സ്വദേശി അരുണ്‍ എന്‍.എം. ആണ്. ഡ്രൈവര്‍ കോഴിക്കോട് വെള്ളയില്‍ സ്വദേശി മിഥിലേഷും സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു.
മൈസൂരു - ബംഗളൂരു ദേശീയപാതയിലാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട ബസ് റോഡരികിലെ ബോര്‍ഡില്‍ ഇടിച്ചു കയറി തലകീഴായി മറിയുകയായിരുന്നു. അപകടത്തില്‍ നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പോലീസും പ്രാദേശവാസികളും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അപകടവിവരം അറിഞ്ഞ് കോഴിക്കോട് നിന്ന് ഉദ്യോഗസ്ഥര്‍ അപകട സ്ഥലത്തേക്ക് തിരിച്ചു. ബത്തേരി ഡിടിഒ സ്ഥലത്ത് എത്തും.
റോഡരികിലെ ദിശാസൂചിക ബോര്‍ഡിന്റെ തൂണിലേക്ക് ബസ് ഇടിച്ചുകയറി മറിഞ്ഞെന്നാണ് വിവരം. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടത്തിലേക്ക് നയിച്ചതെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നു. അപകടത്തെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു. മരണസംഖ്യ ഉയര്‍ന്നേക്കുമെന്ന് ആശങ്കയുണ്ട്. ഇന്ന് രാവിലെ 9.30 ഓടെ ബെംഗളൂരുവില്‍ എത്തിച്ചേരേണ്ട ബസായിരുന്നു. അപകടത്തില്‍പെട്ടവരില്‍ അധികവും മലയാളികളെന്നാണ് വിവരം.