ഗുജറാത്തിലും ആസാമിലും കനത്ത മഴ തുടരുന്നു; 47 പേര്‍ മരിച്ചു
മുംബൈ: കനത്തമഴയില്‍ ഗുജറാത്തിലും അസമിലും പ്രളയസമാന സാഹചര്യം തുടരുന്നു. അസാമില്‍ മരണസംഖ്യ 47 ആയി. ഗുജറാത്തില്‍ വെളളപ്പൊക്കത്തില്‍പ്പെട്ട 22000 പേരെ മാറ്റിപാര്‍പ്പിച്ചു. പലയിടത്തും റോഡ് - റെയില്‍ ഗതാഗതം താറുമാറായി. ഗുജറാത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും നാളെയും അവധി പ്രഖ്യാപിച്ചു.
വെളളക്കെട്ടില്‍ ഒഴുകി നടക്കുന്ന കാറുകള്‍, മണ്ണിടിഞ്ഞ് നിലച്ച റെയില്‍ ഗതാഗതം, അടച്ചിട്ട 12 സംസ്ഥാന പാതകള്‍ ഒരു പ്രളയത്തെ അതിജീവിക്കാനുളള ശ്രമത്തിലാണ് ഗുജറാത്ത്. വല്‍സാദിലെ ഉമര്‍ഗാമില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പെയ്തത് 1064 മില്ലി മീറ്റര്‍ മഴയാണ്. റെക്കോര്‍ഡ് പെയ്ത്തില്‍ സൂറത്തും നവ്‌സാരിയുമടക്കമുളള ജില്ലകളുടെ ഏറിയ ഭാഗവും വെളളത്തിനടിയിലാണ്. മുംബൈ - അഹമ്മദാബാദ് ദേശീയ പാതയിലും വെളളം കയറിയതോടെ രക്ഷാ ദൗത്യവും ദുഷ്‌കരമായി. ദമന്‍ ഗംഗ, പാര്‍, ഔറംഗ നദികള്‍ കരികവിഞ്ഞതാണ് പ്രളയത്തിടയാക്കിയത്. പാര്‍പ്പിട സമുച്ചയങ്ങളും വ്യവസായ കേന്ദ്രങ്ങളുമെല്ലാം വെളളത്തിലാണ്. 22000 പേരെ ഇതിനോടകം മാറ്റി പാര്‍പ്പിച്ചതായി സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.
പ്രളയത്തില്‍ ഒറ്റപ്പെട്ടുപോയ 1200 പേരെ രക്ഷപ്പെടുത്തി. പ്രശ്‌നമേഖലകളില്‍ സൈന്യത്തെയും ദുരന്തനിവാരണസേനയെയും വിന്യസിച്ചതായി ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര ഭാഗേല്‍ അറിയിച്ചു. ഗുജറാത്തിലെ 20 ജില്ലകളില്‍ അതിശക്തമായ മഴതുടരുമെന്ന മുന്നറിയിപ്പുണ്ട്. ദില്ലിയില്‍ നിന്നും ഗുജറാത്തില്‍ നിന്നും പുറപ്പെടുന്ന ചില ട്രെയിനുകള്‍ റദ്ദ് ചെയ്തതായി റെയില്‍വേ അറിയിച്ചു. ഇതിനിടെ അസമിലും മഴക്കെടുതി തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 6 പേര്‍ കൂടി മരിച്ചു. ആകെ മരണസംഖ്യ 47 ആയി. 11 ജില്ലകളിലായി 7 ലക്ഷത്തിലധികം പേരെയാണ് മഴക്കെടുതി ബാധിച്ചത്. നദികള്‍ കരകവിഞ്ഞ് ഒഴുകുന്നതിനാല്‍ ജനങ്ങളോട് ജാഗ്രത പാലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി.