ദില്ലി: നീറ്റ് പുനഃപരീക്ഷ ജൂണ്‍ 21ന് നടത്തും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തില്‍ ഇന്നലെ രാത്രി ഉന്നതല യോഗം ചേര്‍ന്നാണ് പുതിയ തിയ്യതി തീരുമാനിച്ചത്. ചോദ്യപേപ്പര്‍ ചോര്‍ച്ച വിവരം പുറത്ത് വന്നതിന് പിന്നാലെയാണ് ഈ വര്‍ഷത്തെ നീറ്റ് യുജി മെഡിക്കല്‍ പ്രവേശന പരീക്ഷ റദ്ദാക്കിയത്.
മെയ് 3-ന് നടന്ന പരീക്ഷയുടെ ചോദ്യപ്പേപ്പര്‍ ചോര്‍ന്നുവെന്ന് വ്യക്തമായതോടെയാണ് പരീക്ഷ റദ്ദാക്കിയത്. മെഡിക്കല്‍ പ്രവേശനത്തിനായി വീണ്ടും പരീക്ഷ നടത്താന്‍ വിജ്ഞാപനം ഇറക്കി. പുതിയ ഹാള്‍ടിക്കറ്റ് ഉടന്‍ കുട്ടികള്‍ക്ക് വിതരണം ചെയ്യും. ഒരിക്കല്‍ പരീക്ഷയെഴുതിയതിനാല്‍ പുതുതായി രജിസ്‌ട്രേഷന്‍ നടത്തേണ്ടതിന്റെയോ ഫീസ് അടയ്‌ക്കേണ്ടതിന്റെയോ ആവശ്യമില്ലെന്ന് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി വ്യക്തമാക്കി.