നഗരങ്ങളുടെ ആകാശം തൊട്ട സലിം ടച്ച്


കോഴിക്കോട്: അഞ്ചര പതിറ്റാണ്ടുകാലം വരച്ച വരകളിലൂടെ കേരളത്തിന്റെ നഗരങ്ങള്‍ക്ക് ആധുനികതയുടെ ആഢ്യത്വം പകര്‍ന്നുനല്‍കിയ ശില്പിയായിരുന്നു ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം. വെറുമൊരു കെട്ടിട രൂപകല്‍പനക്കാരന്‍ എന്നതിനപ്പുറം, കോണ്‍ക്രീറ്റ് സൗധങ്ങള്‍ക്ക് സൗന്ദര്യശാസ്ത്രപരമായ ഒരു ആത്മാവ് നല്‍കാന്‍ കഴിഞ്ഞതാണ് അദ്ദേഹത്തെ ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും ശ്രദ്ധേയനായ ആര്‍ക്കിടെക്റ്റാക്കി മാറ്റിയത്.

ആലപ്പുഴ പട്ടണക്കാട് സ്വദേശിയായ അദ്ദേഹം, 1967-1972 കാലഘട്ടത്തിലാണ് തിരുവനന്തപുരം എന്‍ജിനീയറിങ് കോളജില്‍  നിന്ന് ആര്‍ക്കിടെക്ചര്‍ ബിരുദം നേടുന്നത്. പഠനശേഷം കോഴിക്കോട് കേന്ദ്രമാക്കി എന്‍എം, സലീം അസോസിയേറ്റ്‌സ്  എന്ന സ്ഥാപനത്തിന് തുടക്കമിട്ടു. കഠിനാധ്വാനവും പുതുമകളോടുള്ള അടങ്ങാത്ത അഭിനിവേശവും കൊണ്ട് പിന്നീട് ബംഗളൂരുവിലേക്കും ഖത്തര്‍, യു.എ.ഇ തുടങ്ങിയ വിദേശരാജ്യങ്ങളിലേക്കും അദ്ദേഹം തന്റെ സാമ്രാജ്യം വ്യാപിപ്പിച്ചു.

എന്‍.എം. സലീമിന്റെ  ഓരോ സൃഷ്ടിയും വാസ്തുവിദ്യയിലെ പരീക്ഷണങ്ങളായിരുന്നു. വാസ്തുവിദ്യാ രംഗത്തെ ലോകത്തിലെ ഏറ്റവും വലിയ പുരസ്‌കാരങ്ങളിലൊന്നായ അന്താരാഷ്ട്ര 'ആഗാ ഖാന്‍' അവാര്‍ഡിനായുള്ള നാമനിര്‍ദേശ പട്ടികയില്‍ ഒന്നിലധികം തവണ എന്‍.എം. സലീമിന്റെ പേര് ഉള്‍പ്പെട്ടിരുന്നു (2001, 2004). കൊച്ചി ഗള്‍ഫാര്‍ കണ്‍വെന്‍ഷന്‍ സെന്ററിന്റെ നിര്‍മാണത്തിന് 2000-ല്‍ മികച്ച പൊതു കെട്ടിടത്തിനുള്ള ഐ.ഐ.എ സ്‌നോസെം അവാര്‍ഡും, 2009-ല്‍ കര്‍ണാടക ടൗണ്‍ പ്ലാനിങ് ബോര്‍ഡിന്റെ ഗ്രേറ്റ് ആര്‍ക്കിടെക്റ്റ് അവാര്‍ഡും അദ്ദേഹത്തെ തേടിയെത്തി.


അദ്ദേഹം വരച്ചിട്ട വലിയ പ്രോജക്റ്റുകളില്‍ ചിലത് ഇന്ന് ദക്ഷിണേന്ത്യയിലെ പ്രധാന ലാന്‍ഡ്മാര്‍ക്കുകളാണ്. കൊച്ചിയിലെ ലേ മെറിഡിയന്‍ ഹോട്ടല്‍, തൃശൂരിലെ ലുലു കണ്‍വെന്‍ഷന്‍ സെന്റര്‍, ധനലക്ഷ്മി ബാങ്ക് ആസ്ഥാനം, കൊച്ചി രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയം, അന്തമാന്‍ നിക്കോബാറിലെ പോര്‍ട്ട് ബ്ലെയര്‍ എയര്‍പോര്‍ട്ട്. കോഴിക്കോട്, കണ്ണൂര്‍ സൈബര്‍ പാര്‍ക്കുകള്‍, ബംഗളൂരുവിലെ ബെയറിസ് ഗ്ലോബല്‍ റിസര്‍ച്ച് ട്രയാംഗിള്‍ ,പാലാ മാര്‍ സ്ലീവാ മെഡിസിറ്റി, കൊച്ചി ലേക്ഷോര്‍ ഹോസ്പിറ്റല്‍, തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജ്. കോഴിക്കോട് സെന്‍ട്രല്‍ ലൈബ്രറി കെട്ടിടവും അദ്ദേഹത്തിന്റെ ഭാവനയില്‍ വിരിഞ്ഞതാണ്.
അഞ്ചര പതിറ്റാണ്ടിലധികം നീണ്ട കരിയറില്‍ നൂറിലധികം പ്രൊഫഷണലുകളെ നയിച്ച അദ്ദേഹം, കോണ്‍ക്രീറ്റ് തൂണുകളിലും ഗ്ലാസ് വാളുകളിലും തന്റെ പേര് അനശ്വരമാക്കിയാണ് വിടവാങ്ങുന്നത്. കേരളത്തിന്റെ ആധുനിക സ്‌കൈലൈന്‍  എവിടെയൊക്കെ തലയുയര്‍ത്തി നില്‍ക്കുന്നുവോ, അവിടെയെല്ലാം എന്‍.എം. സലീം എന്ന മാസ്റ്റര്‍ ബ്രെയിന്‍ ഓര്‍മ്മിക്കപ്പെടും.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media