കോഴിക്കോട്: കെ.എസ്. മണി ചെയര്‍മാനായുള്ള മലബാര്‍ മില്‍മ ഭരണ സമിതി വീണ്ടും അധികാരമേറ്റെടുത്തു. ആരോപണങ്ങള്‍ ഉന്നയിച്ച് ക്ഷീര വികസന വകുപ്പ് ഡയറക്ടര്‍ പിരിച്ചുവിട്ട ഭരണ സമിതി രണ്ട് മാസവും നാലുദിവസവും പിന്നിട്ടശേഷം ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്നാണ് ഇന്നലെ (24-11) അധികാരമേറ്റത്. പെരിങ്ങളത്തെ കോഴിക്കോട് ഡെയറി പരിസരത്തു നിന്ന് ചെയര്മാന് കെ.എസ്. മണിയുടെ നേതൃത്വത്തില്‍ ബോര്‍ഡ് മെമ്പര്‍മാരും ക്ഷീര സംഘം പ്രസിഡന്റുമാരും പടക്കം പൊട്ടിച്ച് പ്രകടനമായി ഹെഡ് ഓഫീസ് പരിസരത്തെത്തി. തുടര്‍ന്ന് ചെയര്മാന് കെ.എസ്. മണി, ഭരണ സമിതി അംഗങ്ങളായ സനോജ് .എസ് (പാലക്കാട്), ചെന്താമര.കെ(പാലക്കാട്), കോരന് (പാലക്കാട്) സണ്ണി ജോസഫ് ( മലപ്പുറം) സുഹൈല്‍.ടി. മലപ്പുറം, മുഹമ്മദ് കോയ (മലപ്പുറം) ശ്രീനിവാസന് ( കോഴിക്കോട്), പ്രബില പി.എം.(കോഴിക്കോട്), ഗിരീഷ് കുമാര്‍ (കോഴിക്കോട്), ബിന്ദു.കെ (കണ്ണൂര്‍), സുധാകരന് ( കാസര്‍ഗോഡ്), നാരായണന് (കാസര്‍ഗോഡ്) എന്നിവരാണ് ഇന്നലെ ചുമതലയേറ്റത്. 15 അംഗ ഭരണസമിതിയില്‍ ഇടതു പക്ഷ അംഗങ്ങളായ 13 പേര് ചുമതലയേറ്റപ്പോള്‍ വലതുപക്ഷ അംഗങ്ങളായ റോസ്ലി തോമസ് (വയനാട്), ചാക്കോ വി.ടി. (കണ്ണൂര്‍) എന്നിവര്‍ വിട്ടുനിന്നു.
എലിയെ പേടിച്ച് പത്തായം ചുടുന്ന ഏര്‍പ്പാടാണ് സര്‍ക്കാരും ക്ഷീരവികസന വകുപ്പും കൈക്കൊള്ളുന്നതെന്ന് അധികാരം ഏറ്റെടുത്തശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ചെയര്മാന് കെ.എസ്.മണി പറഞ്ഞു. ഈ നടപടി മില്‍മയെ തകര്‍ക്കാനേ സഹായിക്കുകയുള്ളൂ. ക്ഷീരോത്പാദന മേഖല കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. മില്‍മയും സര്‍ക്കാരും ക്ഷീര വികസന വകുപ്പും ഒറ്റക്കെട്ടായി നിന്ന് പ്രവര്‍ത്തിക്കേണ്ട സമയമാണിത്. രാഷ്ട്രീയ പകപോക്കലും പ്രതികാരനടപടിയും വെടിഞ്ഞ് സര്‍ക്കാര്‍ അതിനായി ശ്രമിക്കുകയാണ് ഇപ്പോള്‍ ചെയ്യേണ്ടത്. മലബാര്‍ മില്‍മ ഭരണസമിതിയുടെ ഭാഗത്തു നിന്ന് ഒരു വീഴ്ച്ചയോ അഴിമതിയോ ഉണ്ടായിട്ടില്ലെന്ന് ആവര്‍ത്തിച്ച് പറയാന്‍ ഞങ്ങള്‍ക്കാവും. ഉദ്യോഗസ്ഥ തലത്തില്‍ ഉണ്ടായ ഏതാനും വീഴ്ച്ചകള്‍ അതാത് സമയത്തു ഭരണസമിതി തന്നെ കണ്ടെത്തി നടപടികള്‍ എടുത്തതുമാണ്. അഴിമതി ആരു നടത്തിയാലും മുഖനോക്കാതെ നടപടിയെടുക്കണമെന്ന നിലപാടാണ് അന്നും ഇന്നും ഞങ്ങള്‍ക്കുള്ളത്. ഇത് ക്ഷീര കര്‍ഷകരുടെ സംരഭമാണ്. രാഷ്ട്രീയ താത്പര്യങ്ങള്‍ക്കു വേണ്ടി മില്‍മയെ തകര്‍ക്കുന്ന ഇത്തരം നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളരുത്. വയനാട് കേന്ദ്രമാക്കി വരുന്ന സ്വകാര്യ ഡെയറി സംരഭത്തെ സഹായിക്കാനാണോ മില്മക്കെതിരെയുള്ള ഈ നടപടികളെന്ന് ക്ഷീര കര്‍ഷകര്‍ സംശയിക്കുന്നുണ്ടെന്നും കെ.എസ്.മണി പറഞ്ഞു.
സെപ്തംബര്‍ 18നാണ് ക്ഷീര വികസനവകുപ്പ് ഡയറക്ടര്‍ വിവിധ ആരോപണങ്ങള്‍ ഉന്നയിച്ച് മലബാര്‍ മില്‍മ ഭരണ സമിതി പിരിച്ചു വിട്ടത്. ഇതിനെതിരെ ചെയര്മാന് കെ.എസ് മണിയും ഭരണസമിതി അംഗങ്ങളും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.സഹകരണ നിയമത്തിലെ നടപടി ക്രമങ്ങള്‍ പാലിക്കാതെയാണ് തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയെ പിരിച്ചു വിട്ടതെന്ന് നിരീക്ഷിച്ച ജസ്റ്റിസ് വിജി എബ്രഹാം സെപ്തംബര്‍ 14ന് പിരിച്ചു വിടപ്പെട്ട സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കുകയും 24ന് മലബാര്‍ മില്‍യുടെ തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി പുനഃസ്ഥാപിക്കാന്‍ ഉത്തരവിടുകയുമായിരുന്നു.