കൊച്ചി: കൊച്ചിയില്‍ യുവതിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ മുഖ്യപ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. അരൂര്‍ സ്വദേശി സഞ്ജയ്ക്കായാണ് തെരച്ചില്‍ തുടരുന്നത്. ആണ്‍സുഹൃത്തിനെ അടിച്ച് വീഴ്ത്തിയ ശേഷമായിരുന്നു പ്രതികള്‍ പെണ്‍കുട്ടിയെ കത്തികാട്ടി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചത്. കേസില്‍ ഇതുവരെ രണ്ട് പ്രതികള്‍ പിടിയിലായി. പ്രതികളെ പൊലീസ് ഓടിച്ചിട്ട് പിടികൂടുന്ന ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.
നഗരത്തില്‍ കാലങ്ങളായി പൂട്ടികിടക്കുന്ന വ്യൂ മൗണ്ട് ഹോട്ടലില്‍ വെച്ചാണ് പ്രതികള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പെണ്‍കുട്ടി പൂര്‍ണ്ണനഗ്‌നായി ഓടി രക്ഷപ്പെടുകയായിരുന്നു. കേസില്‍ കൊല്ലം പരവൂര്‍ സ്വദേശി രാഹുല്‍, തിരുവനന്തപുരം സ്വദേശി ഡാനിഷ് എന്നിവരാണ് പിടിയിലായത്. എറണാകുളം സൗത്ത് റെയില്‍വെ സ്റ്റേഷന് എതിര്‍വശത്താണ് വ്യൂ മൗണ്ട് ഹോട്ടല്‍. രാത്രി ഒന്‍പതുമണിയോടെ സൗത്ത് റെയില്‍വെ സ്‌റ്റേഷന്‍ റോഡിലെത്തിയ യുവതിയും സുഹൃത്തും മഴ പെയ്തതോടെ നനയാരിതിക്കാന്‍ ഹോട്ടല്‍ സമുച്ചയത്തിലേക്ക് കയറുകയായിരുന്നു. മഴ കനത്തതോടെ ഇവര്‍ ഹോട്ടലിന്റെ മുകള്‍ നിലയിലേക്ക് കയറി നിന്നു. ഈ സമയം താഴെ നിലയില്‍ പ്രതികള്‍ മദ്യപിക്കുന്നുണ്ടായിരുന്നു. ഇതു കാണാതെ മുകളിലേക്കു പോയ യുവതിക്കും സുഹൃത്തിനും പിന്നാലെ പ്രതികളും മുകള്‍ നിലയിലേക്ക് ചെല്ലുകയും ആണ്‍സുഹൃത്തിനെ അടിച്ചു വീഴ്ത്തി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. പ്രതികളിലൊരാളുടെ കയ്യില്‍ കടിച്ചാണ് യുവതി ഓടി രക്ഷപ്പെട്ടത്.
പ്രധാന പ്രതിക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നും ഉടന്‍ പിടിയിലാകുമെന്നും കൊച്ചി സിറ്റി പൊലീസ് കമീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ പ്രതികരിച്ചു. കേസ് അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്. പെണ്‍കുട്ടിയുടെ സ്വകാര്യത സംരക്ഷിക്കാന്‍ വേണ്ടിയാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാത്തത്. നടന്നത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ്. ഒഴിഞ്ഞ് കിടക്കുന്ന കെട്ടിടങ്ങളില്‍ പൊലീസ് പരിശോധന ശക്തമാക്കുമെന്നും കമ്മീഷണര്‍ പറഞ്ഞു.