ദില്ലി: പ്രായപൂര്‍ത്തിയായ രണ്ടുപേര്‍ തമ്മില്‍ വിവാഹത്തിന് മുമ്പ് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് അവരുടെ സ്വഭാവം മോശമാണെന്ന് വിലയിരുത്താനുള്ള കാരണമായി ചൂണ്ടിക്കാട്ടാനാകില്ലെന്ന് സുപ്രീം കോടതി. ജസ്റ്റിസ് മന്‍മോഹന്‍, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. തെലങ്കാനയില്‍ പോലീസ് കോണ്‍സ്റ്റബിള്‍ തസ്തികയിലേക്കുള്ള ഉദ്യോഗാര്‍ത്ഥിയുടെ നിയമനം നിഷേധിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രീം കോടതിയുടെ നിര്‍ണായക വിധി ഉണ്ടായത്.വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്നാരോപിച്ച് 2014-ല്‍ രജിസ്റ്റര്‍ചെയ്ത കേസില്‍ തെലങ്കാന സ്റ്റേറ്റ് ലെവല്‍ പോലീസ് റിക്രൂട്ടമെന്റ് ബോര്‍ഡ് ഉദ്യോഗാര്‍ത്ഥിയുടെ താല്‍ക്കാലിക നിയമനം റദ്ദാക്കിയിരുന്നു. പിന്നീട് ഈ കേസ് 2015-ല്‍ ലോക് അദാലത്ത് മുഖേന ഒത്തുതീര്‍പ്പാക്കി. ഉദ്യോഗാര്‍ത്ഥി തന്റെ അപേക്ഷാ ഫോമില്‍ ഈവിവരങ്ങള്‍ കൃത്യമായി വെളിപ്പെടുത്തിയിട്ടുണ്ടായിരുന്നു. നിയമനം നല്‍കാത്തതിനെത്തുടര്‍ന്നാണ് ഉദ്യോഗാര്‍ത്ഥി കോടതിയെ സമീപിച്ചത്.
അവിവാഹിതരായ രണ്ടുപേര്‍ അവരുടെ താല്‍പര്യപ്രകാരം ബന്ധം പുലര്‍ത്തുന്നതിന് തടസ്സമാകുന്ന യാതൊരു നിയമവും രാജ്യത്തില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. എല്ലാ പ്രണയബന്ധങ്ങളും വിവാഹത്തില്‍ കലാശിക്കണമെന്നില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. വിവാഹ ബന്ധത്തില്‍ എത്തിയില്ല എന്നതുകൊണ്ട് പങ്കാളികളില്‍ ഒരാള്‍ ചതിച്ചുവെന്ന് കരുതാനാകില്ല. വിവാഹവാഗ്ദാനം നല്‍കിയുള്ള പീഡനക്കേസ് ലോക് അദാലത്തില്‍ ഒത്തുതീര്‍പ്പാക്കുന്നത് കുറ്റം സമ്മതിക്കലല്ലെന്നും സുപ്രീം കോടതി പറഞ്ഞു.
ധാര്‍മ്മിക അധഃപതനം ചൂണ്ടിക്കാട്ടിയാണ് റിക്രൂട്ട്മെന്റ് ബോര്‍ഡ് ഉദ്യോഗാര്‍ത്ഥിക്ക് നിയമനം റദ്ദാക്കിയത്. ഇതിനെതിരേ തെലങ്കാന ഹൈക്കോടതി സിംഗിള്‍ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും നിയമനത്തിന് റിക്രൂട്ട്‌മെന്റ് ബോര്‍ഡ് തയ്യാറായിരുന്നില്ല. ഡിവിഷന്‍ ബെഞ്ച് പിന്നീട് ഈ ഉത്തരവ് റദ്ദാക്കുകയായിരുന്നു. തുടര്‍ന്നാണ് ഉദ്യോഗാര്‍ത്ഥി സുപ്രീം കോടതിയെ സമീപിച്ചത്.
ഇത്തരം ബന്ധങ്ങള്‍ ഇപ്പോള്‍ വര്‍ധിച്ചുവരികയാണെന്നും ദീര്‍ഘകാലമായി തുടരുന്ന ബന്ധങ്ങളില്‍ പരസ്പര സമ്മതമുണ്ടായിരുന്നുവെന്ന് അനുമാനിക്കാമെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.