കാബൂളില്‍ നിന്ന് യുക്രെയ്ന്‍ വിമാനം അജ്ഞാതര്‍
തട്ടിക്കൊണ്ടുപോയി; രക്ഷാപ്രവര്‍ത്തനം പ്രതിസന്ധിയില്‍
കാബൂളില്‍ നിന്ന് യുക്രെയ്ന്‍ വിമാനം തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ട്. വിമാനം ഇറാനിലേക്ക് കൊണ്ടുപോയെന്നാണ് സൂചനകള്‍. ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് വേണ്ടിയാണ് കാബൂളിലേക്ക് യുക്രെയ്ന്‍ വിമാനമെത്തിയത്. വിമാനം തട്ടിക്കൊണ്ടുപോയതായി യുക്രെയ്ന്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതോടെ കാബൂള്‍ വിമാനത്താവളം വഴിയുള്ള അഫ്ഗാന്റെ രക്ഷാപ്രവര്‍ത്തനം പ്രതിസന്ധിയിലായി. വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വ്വീസുകള്‍ താത്ക്കാലികമായി നിര്‍ത്തിവച്ചു.
ഞായറാഴ്ചയാണ് വിമാനം തട്ടിക്കൊണ്ടുപോയതെന്ന് യുക്രെയ്നിന്റെ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. യുക്രെയ്നിന്റെ വിമാനം കാബൂള്‍ വിമാനത്താവളത്തിലെത്തിയപ്പോള്‍ അജ്ഞാതരുടെ ഒരു സംഘം വിമാനം തട്ടിയെടുക്കുകയായിരുന്നു. അതേസമയം ഇറാനില്‍ എവിടെയും യുക്രെയ്ന്റ വിമാനമമെത്തിയിട്ടില്ല എന്നാണ് ഇറാന്റെ പ്രതികരണം. സര്‍വ്വീസുകള്‍ നിര്‍ത്തിവച്ചത് സംബന്ധിച്ച് അമേരിക്കയുടെ ഭാഗത്ത് നിന്നുകൂടി പ്രതികരണം വരേണ്ടതുണ്ട്. റഷ്യന്‍ മാധ്യമമാണ് ഇതുസംബന്ധിച്ച വാര്‍ത്ത് പുറത്തുവിട്ടത്.
ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ തങ്ങളുടെ പൗരന്മാരെ അഫ്ഗാനിസ്ഥാനില്‍ നിന്ന് തിരികെയെത്തിക്കുന്ന നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് പ്രതിസന്ധി ഉടലെടുത്തത്. അവസാന 24 മണിക്കൂറിനുള്ളില്‍ കാബൂള്‍ വിമാനത്താവളത്തില്‍ നിന്ന് രക്ഷപ്പെടുത്തിയത് 16,000 പേരെയാണെന്ന് പെന്റഗണ്‍ വ്യക്തമാക്കി. ഓഗസ്റ്റ് 31 വരെ അമേരിക്ക രക്ഷാപ്രവര്‍ത്തനം തുടരുമെന്നും പെന്റഗണ്‍ വ്യക്തമാക്കി.