കൊച്ചി: അങ്കമാലിയില്‍ വിദ്യാര്‍ത്ഥിനി വാഹനം ഇടിച്ച് മരിച്ച സംഭവത്തില്‍ പ്രതി ഡോക്ടര്‍ സിറീയക് പി ജോര്‍ജ് കസ്റ്റഡിയില്‍. വാഗമണ്‍ പൊലീസ് ആണ് പ്രതിയെ പിടികൂടിയത്. പ്രതിയെ അങ്കമാലി പൊലീസിന് കൈമാറും. നേരത്തെ, പ്രതിയുടെ അച്ഛനെ കസ്റ്റഡിയിലെടുത്തിരുന്നു. പ്രതിയെ ഒളിവില്‍ പോകാന്‍ സഹായിച്ചതിനാണ് ജോര്‍ജ് മാത്യുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ദിവസങ്ങള്‍ക്ക് മുമ്പാണ് അമിത വേ?ഗതയിലെത്തിയ കാറിടിച്ച് ജാസ്ലിയ മരിച്ചത്. പിന്നീട് ഒളിവില്‍ പോയ പ്രതിയെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിരുന്നില്ല. പൊലീസിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നിരുന്നത്.
കഴിഞ്ഞ ഫെബ്രുവരി 28നാണ് അപകടം നടന്നത്. ജാസ്ലിയയെ ഇടിച്ച് തെറിപ്പിച്ചതിന് ശേഷം വാഹനം നിര്‍ത്താതെ പോകുകയായിരുന്നു. അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തുറവൂരില്‍ നിന്ന് വാഹനം കണ്ടെത്തുകയായിരുന്നു. കോട്ടയം അതിരമ്പുഴ സ്വദേശി ഡോ. സിറിയക് പി ജോര്‍ജ് ആണ് വാഹനം ഓടിച്ചതെന്ന് കണ്ടെത്തിയെങ്കിലും ഇയാളെ പിടികൂടാനായിരുന്നില്ല. ചാലാക്കല്‍ മെഡിക്കല്‍ കോളേജിലെ ഹൗസ് സര്‍ജന്‍സി വിദ്യാര്‍ത്ഥിയാണ് ഡോ. സിറിയക് പി ജോര്‍ജ്. അപകടം നടക്കുമ്പോള്‍ കാറില്‍ സുഹൃത്തും ഉണ്ടായിരുന്നു. ഇയാള്‍ മദ്യപിച്ചതിന് തെളിവുകള്‍ ഇല്ലെന്നും ജാമ്യമില്ലാ വകുപ്പ് ചുമത്തിയെന്നും അങ്കമാലി എസ്എച്ച്ഓ പ്രതികരിച്ചിരുന്നു.
എടവനക്കാട് സ്വദേശിയായ ജാസ്ലിയ അങ്കമാലി മോണിംഗ് സ്റ്റാര്‍ കോളേജിലെ രണ്ടാം വര്‍ഷ ബി.കോം വിദ്യാര്‍ത്ഥിനിയായിരുന്നു. പഠനത്തോടൊപ്പം പാര്‍ട്ട് ടൈം ജോലി ചെയ്തിരുന്ന ജാസ്ലിയ, ഫെബ്രുവരി 28-ന് ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അങ്കമാലി ടെല്‍ക് ജംഗ്ഷനില്‍ വെച്ച് അപകടത്തില്‍പ്പെട്ടത്. കാര്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ജാസ്ലിയയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു.