പാസ്‌പോര്‍ട്ട് ഇല്ല; വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു എന്ന് പറഞ്ഞത് വെറുതെ; നയാപൈസ കൈയ്യിലില്ലെന്നും മോന്‍സന്‍ മാവുങ്കല്‍ 


തിരുവനന്തപുരം: നയാപൈസ കൈയ്യിലില്‍ ഇല്ലെന്ന് സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി മോന്‍സന്‍ മാവുങ്കല്‍. പണമെല്ലാം ധൂര്‍ത്തടിച്ചെന്നാണ് മോന്‍സന്‍ ക്രൈംബ്രാഞ്ചിനോട്  പറഞ്ഞത്. പരാതിക്കാരില്‍ നിന്ന് പത്ത് കോടി വാങ്ങിയിട്ടില്ലെന്നും മോന്‍സന്‍ പറഞ്ഞു. അതേസമയം, ബാങ്ക് വഴി കൈപ്പറ്റിയ തുക പ്രതി സമ്മതിച്ചു. തട്ടിപ്പ് പണമുപയോഗിച്ച് പലയിടത്തുനിന്ന് പുരാവസ്തുക്കള്‍ വാങ്ങിയെന്ന് അവകാശവാദം. പാസ്‌പോര്‍ട്ടില്ലെന്നും ഇന്ത്യയ്ക്ക് പുറത്തേക്ക് സഞ്ചരിച്ചിട്ടില്ലെന്നും മോന്‍സന്‍ ക്രൈംബ്രാഞ്ചിനെ അറിയിച്ചു.

തട്ടിപ്പുപണംകൊണ്ട് പളളിപ്പെരുനാള്‍ നടത്തി, ഇതിനായി ഒന്നരക്കോടി ചെലവായി. വീട്ടുവാടക മാസം അന്‍പതിനായിരം രൂപയും കറന്റ് ബില്ല് ശരാശരി പ്രതിമാസം മുപ്പതിനായിരം രൂപയും ചെലവാക്കി. സ്വകാര്യ സുരക്ഷയ്ക്കുള്‍പ്പെടെ ശരാശരി മാസച്ചെലവ് ഇരുപത്തിയഞ്ച്  ലക്ഷം വരുമെന്നും മോന്‍സന്‍ ചോദ്യം ചെയ്യലില്‍ പറഞ്ഞു. തട്ടിപ്പുപണംകൊണ്ട് കാറുകള്‍ വാങ്ങിക്കൂട്ടിയെന്നും പ്രതി മൊഴി നല്‍കി. പണം തന്നവര്‍ക്ക് പ്രതിഫലമായി കാറുകള്‍ നല്‍കി. പരാതിക്കാരായ യാക്കൂബിനും അനൂപിനും പോര്‍ഷെ, ബി എം ഡബ്യൂ കാറുകള്‍ നല്‍കിയെന്നാണ് മൊഴി. 100 രാജ്യങ്ങള്‍ സന്ദര്‍ശിച്ചു എന്നത് വെറുതെ പറഞ്ഞതാണെന്നും മോന്‍സന്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി. പാസ്‌പോര്‍ട്ടില്ലാതെയാണ് മോന്‍സന്‍ പ്രവാസി സംഘടനാ രക്ഷാധികാരിയായത്.

അതേസമയം, മോണ്‍സണിന്റെ ശബ്ദ സാമ്പിള്‍ ഇന്ന് ശേഖരിക്കും. പരാതിക്കാരുമായുള്ള സംഭാഷണത്തിലെ ശബ്ദം ഉറപ്പുവരുത്താനാണിത്.
ചേര്‍ത്തലയിലെ മോന്‍സന്റ വീട്ടിലെ റെയ്ഡില്‍ കുടുംബാംഗങ്ങളുടെ ബാങ്ക് രേഖകള്‍ പിടിച്ചെടുത്തു. ഭാര്യ, രണ്ട് മക്കള്‍ എന്നിവരുടെ അക്കൗണ്ട് രേഖകളാണ് പിടിച്ചെടുത്തത്. ഇവര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അതിനിടെ, തട്ടിപ്പിനിരയായവരെ കേസില്‍ നിന്ന് പിന്‍വലിപ്പിക്കാന്‍ മോന്‍സന്‍ മാവുങ്കല്‍ ശ്രമിച്ചതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. കെ സുധാകരന്‍ എംപിയടക്കമുളള ഉന്നത രാഷ്ടീയ നേതാക്കളുമായി തനിക്കുളള അടുപ്പത്തെക്കുറിച്ചാണ് ഇവരോട് വിശദീകരിക്കുന്നത്. റിസര്‍വ് ബാങ്ക് തടഞ്ഞുവെച്ചിരിക്കുന്ന ശതകോടികള്‍ കിട്ടിയാല്‍ ഏഷ്യയിലെ ഏറ്റവും വലിയ ബിസിനസുകാരന്‍ താനാണെന്നും കേസ് കൊടുക്കും മുമ്പ് അക്കാര്യം ഓര്‍ക്കണമെന്നുമാണ് മോന്‍സന്‍ ഇവരോട് പറയുന്നത്.

കേന്ദ്രസര്‍ക്കാരില്‍ തനിക്കുള്ള സ്വാധീനത്തെക്കുറിച്ച് പറഞ്ഞാണ് മോന്‍സന്‍ പരാതിക്കാരെ പിന്‍തിരിക്കാന്‍ മറ്റൊരു ശ്രമം നടത്തുന്നത്. കേരളത്തിലെ മുഖ്യമന്ത്രിക്ക് പോലുമില്ലാത്തെ ഡിപ്ലോമാറ്റിക് സൗകര്യം തനിക്കുണ്ടെന്നാണ് വീമ്പ്. പണം നല്‍കിയവരെ ചൊല്‍പ്പടിക്കുനിര്‍ത്താനാണ് മോന്‍സന്‍ ഈ തന്ത്രങ്ങള്‍ പ്രയോഗിച്ചതെന്നാണ് കരുതുന്നത്. പണം നഷ്ടപ്പെട്ടവര്‍ പരാതിയുമായി പോകുന്നത് മണത്തറിഞ്ഞാണ് മോന്‍സന്റെ ഈ നീക്കങ്ങള്‍.

അതേസമയം, മോണ്‍സണെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാന്‍ ഒരുങ്ങുരയാണ് ക്രൈംബ്രാഞ്ച്. തെളിവെടുപ്പിന് വിവിധ സ്ഥലങ്ങളില്‍ പോകേണ്ടതുണ്ട്. മോണ്‍സണ്‍ മാവുങ്കലിന്റെ ക്രൈംബ്രാഞ്ച് കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. വൈകിട്ട് നാലരക്ക് മുമ്പ് കോടതിയില്‍ ഹാജരാക്കുമ്പോള്‍ വീണ്ടും കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെടുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. കഴിഞ്ഞ 3 ദിവസമായി ക്രൈംബ്രാഞ്ച് ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media