അതാണ് നിയോഗം; ജയ പറക്കും മെറലിനൊപ്പം നെതര്‍ലാന്റിലേക്ക്
നിയോഗം നിയോഗമെന്നൊക്കെ പറഞ്ഞാല്‍ അതാണ്. തലയില്‍ ഭാഗ്യം വരച്ചാല്‍ ജയയെപ്പോലെയാവണം. ജയ ആരെന്നല്ലേ? പറയാം. അങ്ങ് യുപിയിലെ വാരാണസിയിലെ തെരുവില്‍ അലഞ്ഞു നടന്നിരുന്ന നായക്കുട്ടി. അവളിപ്പോള്‍ നെതര്‍ലാന്റിലേക്ക് പറക്കാനൊരുങ്ങിയിരിക്കുകയാണ്. ആംസ്റ്റര്‍ഡാമില്‍ നിന്നും വാരാണസി സന്ദര്‍ശിക്കാനെത്തിയ മെറല്‍ ബോന്‍ടെന്‍ബെല്‍ എന്ന യുവതിയാണ് ജയയെന്ന നായക്കുട്ടിയുടെ ജീവിതം മാറ്റി മറച്ചത്. രാജ്യാന്തര ദത്തെടുക്കല്‍ വഴിയാണ് ജയ നെതര്‍ലാന്റിലേക്ക് പറക്കുന്നത്.
മെറല്‍ വാരാണസിയിലൂടെ നടക്കുമ്പോള്‍ തെരുവോരത്ത് അലഞ്ഞു നടന്നിരുന്ന ജയയെ കാണുകായിരുന്നു. ആദ്യ നോട്ടത്തില്‍ തന്നെ സുന്ദരിയായ അവളെ ഇഷ്്ടമായി. ഭക്ഷണമൊക്കെ നല്‍കി. ഇതോടെ ജയ കൂടെ കൂടി.മെറല്‍ പോകുന്നിടത്തെല്ലാം അവളുമുണ്ടാവും. ഒരു ദിവസം മറ്റൊരു തെരുവുനായ ജയയെ ആക്രമിച്ചു. ഇതു കണ്ടതോടെ മെറലിന് അവളെ വാരാണസിയില്‍ ഉപേക്ഷിച്ചു പോകാന്‍ തോന്നിയില്ല. അവളെ സുരക്ഷിതയാക്കാന്‍ തീരുമാനിച്ചു. തന്റെ വിസാ കാലാവധി മെറല്‍ ആറു മാസത്തേക്കു കൂടി നീട്ടി. പിന്നാലെ ജയയെ കൊണ്ടു പറക്കാന്‍ അവള്‍ക്കായുള്ള വിസയും പാസ്‌പോര്‍ട്ടുമൊക്കെ റെഡിയാക്കി. ഏതാനും ദിവസങ്ങള്‍ക്കകം മെറല്‍ ജയയെയും കൊണ്ടു പറക്കും. ആദ്യമായി എന്റെ അടുത്ത് എത്തിയപ്പോള്‍ തന്നെ അവളെ എനിക്ക് വലിയ ഇഷ്്ടമായിരുന്നു. ഇനി അവള്‍ എന്നും എന്നോടൊപ്പമുണ്ടാവും - മെറല്‍ പറയുന്നു.