ലക്‌നൗ: രാജ്യത്തെ നടുക്കി ഉത്തര്‍ പ്രദേശ് ജാന്‍സിയിലെ ആശുപത്രിയില്‍ ഇന്നലെ രാത്രിയുണ്ടായ തീപ്പിടുത്തത്തില്‍ 10 നവജാത ശിശുക്കള്‍ക്ക് ദാരുണാന്ത്യം. പൊള്ളലേറ്റ 16 കുട്ടികള്‍ മരണത്തോട് മല്ലിടുകയാണ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. യുപിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് സര്‍ക്കാറിന് നേരെ ഗൌരവമുള്ള ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുവെന്ന് രാഹുല് ഗാന്ധി വിമര്‍ശിച്ചു.
കരളലിയിക്കുന്ന കാഴ്ചകളാണ് ഝാന്‍സി മഹാറാണി ലക്ഷ്മിഭായ് മെഡിക്കല്‍ കോളേജിന് മുന്നില്‍ അലമുറയിട്ട് കരയുകയാണ് പിഞ്ചുകുഞ്ഞുങ്ങളെ നഷ്ടമായ മാതാപിതാക്കള്‍. ഇന്നലെ രാത്രി പത്തേമുക്കാലോടെയാണ് ആശുപത്രിയിലെ കുട്ടികളുടെ ഐസിയുവില്‍ തീപ്പിടുത്തമുണ്ടായത്. ഓക്‌സിജന്‍ യന്ത്രങ്ങള്‍ സ്ഥാപിച്ച മുറിയില് നിന്നും ഷോര്‍ട്ട് സര്‍ക്യൂട്ടിലൂടെയുണ്ടായ തീ പടര്‍ന്നതാണെന്നാണ് പ്രാഥമിക നിഗമനം.54 കുഞ്ഞുങ്ങള്‍ ഐസിയുവിലുണ്ടായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ പത്ത് കുഞ്ഞുങ്ങള്‍ ഇന്നലെ രാത്രി മരിച്ചു. പൊള്ളലേറ്റ 16 കുഞ്ഞുങ്ങള്‍ ഇപ്പോഴും ചികിത്സയിലാണ്. ചിലരുടെ നില ഗുരുതരമാണ്. മൂന്ന് മൃതദേഹങ്ങള്‍ ഇപ്പോഴും തിരിച്ചറിയാനായിട്ടില്ല. ഇതിനായി ഡിഎന്‍എ പരിശോധന നടത്തും. തീപ്പിടുത്തമുണ്ടായപ്പോള്‍ ആശുപത്രിയിലുണ്ടായിരുന്ന തീയണയ്ക്കുന്നതിനായുള്ള ഉപകരണങ്ങള്‍ പ്രവര്‍ത്തിച്ചില്ലെന്നും കാലാവധി കഴിഞ്ഞ ഫയര്‍ എക്സ്റ്റിംഗുഷറുകളാണ് സ്ഥാപിച്ചിരുന്നതെന്നും ദൃക്‌സാക്ഷികള്‍ പരാതിപ്പെട്ടു.
സംഭവത്തില്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നറിയിച്ചു. പോലീസിനെ കൂടാതെ ആരോഗ്യവകുപ്പും സംഭവത്തില്‍ അന്വേഷണം തുടങ്ങി. ആശുപത്രി അധികൃതരുടെ കടുത്ത അനാസ്ഥയാണ് അപകടകാരണമെന്നും, കടുത്ത നടപടി വേണമെന്നും സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് ആവശ്യപ്പെട്ടു. എല്ലാം ശരിയാക്കുമെന്ന് പറയുന്ന യോഗി ആദിത്യനാഥ് നുണയനാണെന്ന് തെളിഞ്ഞെന്നും അഖിലേഷ് വിമര്‍ശിച്ചു. രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഹൃദയഭേദകമായ സംഭവമാണെന്ന് അനുശോചനം രേഖപ്പെടുത്തി. കേന്ദ്ര - സംസ്ഥാന സര്‍ക്കാറുകള്‍ സഹായധനം പ്രഖ്യാപിച്ചു.