ദില്ലി: ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെടുന്നവരെ അയോഗ്യരാക്കാനുള്ള ചട്ടങ്ങളില്‍ കര്‍ശന നിലപാട് മുമ്പ് സുപ്രീംകോടതി സ്വീകരിച്ചിരുന്നു. ശിക്ഷ വരുന്ന ദിവസം മുതല്‍ അയോഗ്യരാകും എന്നതാണ് നിലവിലെ ചട്ടം. ബലാത്സംഗം, അഴിമതി ഉള്‍പ്പടെ ഗൗരവതരമായ കുറ്റങ്ങള്‍ക്ക് ശിക്ഷ എത്രയായാലും അയോഗ്യത വരും എന്നതാണ് ചട്ടം. മറ്റെല്ലാ ക്രിമിനല്‍ കേസുകളിലും രണ്ട് വര്‍ഷമോ അതിലധികമോ ശിക്ഷ കിട്ടിയാല്‍ അയോഗ്യത എന്ന വ്യവസ്ഥയുണ്ട്. ക്രിമിനല്‍ മാനനഷ്ടത്തില്‍ പരമാവധി ശിക്ഷയായ രണ്ട് വര്‍ഷം തടവാണ് ഇപ്പോള്‍ രാഹുലിന് കോടതി നല്‍കിയിരിക്കുന്നത്.
തല്‍ക്കാലം കുറ്റം ചെയ്‌തെന്ന വിധി കോടതി അപ്പീല്‍ നല്‍കാനായി സ്റ്റേ ചെയ്തിരിക്കുകയാണ്. ഹൈക്കോടതി കേസ് പരിഗണിക്കും വരെ അയോഗ്യത കല്‍പ്പിക്കാനാവില്ലെന്നുമാണ് നേരത്തെ നിയമവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാല്‍ മജിസ്‌ട്രേറ്റ് കോടതി വിധിയോടെ തന്നെ രാഹുല്‍ ഗാന്ധി അയോഗ്യനായി എന്നാണ് പുതിയവിശദീകരണം.
ഐപിസി 499, 500 വകുപ്പുകള്‍ പ്രകാരമാണ് രാഹുല്‍ കുറ്റക്കാരനാണെന്നു കോടതി വിധിച്ചിരിക്കുന്നത്. തുടര്‍ന്ന് ജാമ്യം അനുവദിച്ച കോടതി അപ്പീല്‍ നല്‍കാന്‍ 30 ദിവസത്തേക്ക് ശിക്ഷ നടപ്പാക്കുന്നത് മരവിപ്പിക്കുകയായിരുന്നു.
അപ്പീല്‍ പരിഗണിക്കുമ്പോള്‍ ഹൈക്കോടതി കീഴിക്കോടതി വിധി പൂര്‍ണ്ണമായും സ്റ്റേ ചെയ്യണം. എങ്കിലെ അയോഗ്യത ഇല്ലാതാകൂ. ശിക്ഷ മാത്രം സ്റ്റേ ചെയ്താലും അയോഗ്യത നിലവില്‍ വരും. അതിനാല്‍ മേല്‍ക്കോടതികള്‍ എടുക്കുന്ന നിലപാട് രാഹുലിന് നിര്‍ണ്ണായകമാകും.