ദില്ലി : വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ജയിക്കാനുള്ള പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ 'പ്ലാന്‍ 63'ന് ഹൈക്കമാന്റ് പിന്തുണ. പുതിയ തന്ത്രത്തിനെതിരെ പാര്‍ട്ടിക്കുളളിലെ ചില ഭാഗങ്ങളില്‍ നിന്നും എതിര്‍പ്പുയര്‍ന്നെങ്കിലും വകവെക്കാതെ മുന്നോട്ട് പോകാനുളള നിര്‍ദ്ദേശമാണ് സതീശന് ഹൈക്കമാന്റില്‍ നിന്നും ലഭിച്ചതെന്നാണ് വിവരം. വി.ഡി സതീശനും തന്റെ നിലപാട് ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ട്. 2001ല്‍ കോണ്‍ഗ്രസ് നേടിയതാണ് 63 സീറ്റുകളെന്നും അത് നിലനിര്‍ത്തേണ്ടതുണ്ടെന്നും ഈ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചാല്‍ മാത്രമേ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് മുന്നേറ്റമുണ്ടാക്കാന്‍ കഴിയൂവെന്നാണ് സതീശന്‍ അറിയിച്ചത്.
21 സിറ്റിംഗ് സീറ്റടക്കം കോണ്‍ഗ്രസിന് ജയിക്കാവുന്ന 63 സീറ്റുകളിലെ തന്ത്രങ്ങളായിരുന്നു വി ഡി സതീശന്‍ രാഷ്ട്രീയകാര്യ സമിതില്‍ ഉന്നയിച്ചിരുന്നത്. കെപിസിസി രാഷ്ട്രീയകാര്യസമിതിയില്‍ ഇതിനെതിരെ വലിയ വിമര്‍ശനമുയര്‍ന്നു. ഇതാര് എവിടെ ചര്‍ച്ച ചെയ്ത് തീരുമാനിച്ചെന്ന് പറഞ്ഞായിരുന്നു രാഷ്ട്രീയകാര്യസമിതിയില്‍ എപി അനില്‍കുമാര്‍ പൊട്ടിത്തെറിച്ചത്. ഒറ്റക്ക് തീരുമാനമെടുക്കുന്ന ശൈലിയുടെ ഭാഗമായാണ് സതീശന്റെ പ്ലാന്‍ 63 എന്നാണ് എതിര്‍ചേരിയുടെ പ്രധാന വിമര്‍ശനം. അതേ സമയം ഇത്തരം ആശയങ്ങള്‍ പാര്‍ട്ടിയുടെ ഉയര്‍ന്ന ഘടകമായ രാഷ്ട്രീയകാര്യസമിതിയില്‍ അല്ലാതെ മറ്റെവിടെ ചര്‍ച്ച ചെയ്യുമെന്നാണ് സതീശന്‍ അനുകൂലികളുടെ ചോദ്യം.
കെപിസിസി പുനസംഘടനയില്‍ അടുത്തയാഴ്ചയോടെ ഹൈക്കമാന്‍ഡ് തീരുമാനമുണ്ടാകും. കേരളത്തിന്റെ ചുമതലയുളള ദീപ ദാസ്മുന്‍ഷിയുമായി കൂടിക്കാഴ്ച നടത്തിയ നേതാക്കള്‍ നേതൃമാറ്റം ആവശ്യപ്പെട്ടു. ഒറ്റ പേരിലേക്ക് സംസ്ഥാനത്ത് തന്നെ ചര്‍ച്ച പൂര്‍ത്തിയാക്കാനാണ് ദീപ ദാസ് മുന്‍ഷിയുടെ ശ്രമം. കെ സുധാകരനെ മാറ്റണമെന്ന ആവശ്യം ശക്തമാകുന്നതിനിടെ അതില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് തനിക്കും തന്റെ പ്ലാനിനുമെതിരായ കൂട്ട വിമര്‍ശനമെന്നാണ് സതീശന്‍ കരുതുന്നത്.