ചികിത്സയില്‍ ഉള്ളവരുടെ എണ്ണം കുറഞ്ഞിട്ടും
 സംസ്ഥാനത്ത് കോവിഡ് മരണങ്ങള്‍ കുറയുന്നില്ല 


തിരുവനന്തപുരം: ചികിത്സയില്‍ ഉള്ളവരുടെ എണ്ണം കുറയുമ്പോഴും സംസ്ഥാനത്ത് കുറവില്ലാതെ കോവിഡ് മരണം. ഇന്നലെ മാത്രം 125 കോവിഡ് മരണമാണ് ഉണ്ടായത്. പഴയ മരണം കൂടി ചേര്‍ത്ത് 10 ദിവസത്തിനുള്ളില്‍ 2019 മരണം റിപ്പോര്‍ട്ട് ചെയ്തു. 29,000ത്തിലധികം അപ്പീലുകള്‍ ഇനിയും ഉണ്ടെന്നിരിക്കെ ഇപ്പോള്‍ തന്നെ മൊത്തം മരണസംഖ്യ 43,000 കടന്നു.

വാക്‌സിനേഷന്‍ ഇത്രയധികം മുന്നേറിയിട്ടും ഗൗരവത്തോടെ പരിശോധിക്കേണ്ട നിലയിലാണ് മരണസംഖ്യ. തിരുവനന്തപുരത്ത് മാത്രം ഇന്നലെ 57 പേരാണ് മരിച്ചത്. കൊല്ലത്തും എറണാകുളത്തും 13ഉം ഇടുക്കിയില്‍ 10ഉം മരണം. ഇന്നലെ പുതിയ കോവിഡ് രോഗികള്‍ 4006 മാത്രമാണ്.മാസങ്ങള്‍ക്ക് ശേഷമാണ് ഇന്നലെ മരണം 100 കടന്നത്. ശരാശരി 40ന് മുകളില്‍ മരണം ഇപ്പോഴും പ്രതിദിനം ഉണ്ട്.

കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ 444 പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്. 1575 പഴയ മരണവും കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ 10 ദിവസത്തെ മരണം 2019 ആയി. മൊത്തം മരണസംഖ്യ 43,626 ആയതോടെ മരണക്കണക്കില്‍ വന്‍ കുതിപ്പുണ്ടായി സംസ്ഥാനം മഹാരാഷ്ട്രക്ക് മാത്രം പിറകിലാണ് ഇപ്പോള്‍. 29,000തിലധികം അപ്പീലുകളും പരിഗണന കാത്തു കിടക്കുകയാണ്. മരണസംഖ്യ ഇനിയും കുതിക്കുമെന്നു ചുരുക്കം.

ആദ്യഡോസ് വാക്‌സിനേഷന്‍ 97%വും, രണ്ടാം ഡോസ് 72%വും ആയിരിക്കെയാണ് ഇപ്പോഴും പ്രതിദിനം ഇത്രയും മരണം എന്നതും ശ്രദ്ധേയമാണ്. വെന്റിലേറ്ററുകളില്‍ ഇപ്പോള്‍ 223 പേരും ഐസിയുകളില്‍ 546 പേരും ഇപ്പോഴും ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. 

കേരളത്തില്‍ കഴിഞ്ഞ ദിവസം 4006 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 830, എറണാകുളം 598, കോഴിക്കോട് 372, കോട്ടയം 364, തൃശൂര്‍ 342, കൊല്ലം 260, കണ്ണൂര്‍ 237, ഇടുക്കി 222, ആലപ്പുഴ 174, പത്തനംതിട്ട 158, മലപ്പുറം 132, വയനാട് 132, പാലക്കാട് 115, കാസര്‍ഗോഡ് 70 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 14 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3750 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 207 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 35 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 125 മരണങ്ങളാണ് കൊവിഡ് 19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 157 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media