ഓഹരി വിപണി നേട്ടത്തില്‍ ഉണര്‍ന്നു
കഴിഞ്ഞ രണ്ടു ദിവസത്തെ തകര്‍ച്ചയ്ക്ക് ശേഷം വെള്ളിയാഴ്ച്ച നേട്ടത്തില്‍ വിപണി വ്യാപാരം ആരംഭിച്ചു. രാവിലെ ബിഎസ്ഇ സെന്‍സെക്‌സ് സൂചിക 468.84 പോയിന്റ് മുന്നേറി 48,908.96 എന്ന നില രേഖപ്പെടുത്തി (0.97 ശതമാനം നേട്ടം). എന്‍എസ്ഇ നിഫ്റ്റി ഫിഫ്റ്റി സൂചിക 161.10 പോയിന്റ് ഉയര്‍ന്ന് 14,486 എന്ന നിലയിലും ഇടപാടുകള്‍ക്ക് തുടക്കമിട്ടു (1.12 ശതമാനം നേട്ടം). ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ റിയല്‍റ്റി, ഓട്ടോ ഓഹരികള്‍ക്കൊപ്പം ബാങ്ക് സ്റ്റോക്കുകളും ഇന്ന് നേട്ടത്തില്‍ ചുവടുവെയ്ക്കുകയാണ്. നിഫ്റ്റിയില്‍ വ്യവസായങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള വില സൂചികകളെല്ലാം ഭേദപ്പെട്ട പ്രകടനം ഇന്ന് കാഴ്ച്ചവെക്കുന്നുണ്ട്.
സെന്‍സെക്‌സില്‍ ഡോ റെഡ്ഢീസ് ലബോറട്ടറീസ്, പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, ടിസിഎസ് (ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്) സ്‌റ്റോക്കുകള്‍ മാത്രമാണ് നഷ്ടത്തില്‍ ആരംഭിച്ചത്. രാവിലെ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എല്‍ ആന്‍ഡ് ടി ഓഹരികള്‍ 2 ശതമാനത്തിന് മുകളില്‍ കുതിക്കുന്നു. ടെക്ക് മഹീന്ദ്ര, ബജാജ് ഫിന്‍സെര്‍വ്, ഐസിഐസിഐ ബാങ്ക്, എന്‍ടിപിസി, ഭാരതി എയര്‍ടെല്‍, എച്ച്ഡിഎഫ്‌സി ബാങ്ക്, ആക്‌സിസ് ബാങ്ക്, എസ്ബിഐ, എച്ച്ഡിഎഫ്‌സി, അള്‍ട്രാടെക്ക് സിമന്റ്, ബജാജ് ഓട്ടോ ഓഹരികളും രാവിലെ 1 ശതമാനത്തിന് മുകളില്‍ നേട്ടം കയ്യടക്കുന്നുണ്ട്. വെള്ളിയാഴ്ച്ച രാജ്യത്തെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ കല്യാണ്‍ ജ്വല്ലേഴ്‌സ് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യും. ജ്വല്ലറി വ്യവസായ മേഖലയില്‍ നിന്നും സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ പേരു ചേര്‍ക്കുന്ന ആദ്യ കമ്പനിയാണ് കല്യാണ്‍. ദേശീയ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലും (എന്‍എസ്ഇ) ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലും (ബിഎസ്ഇ) കല്യണ്‍ ജ്വല്ലേഴ്‌സ് ഓഹരികള്‍ ലിസ്റ്റ് ചെയ്യും.