മോശമായി പെരുമാറിയ സംവിധായകനെ അടിക്കാന്‍ ചെരുപ്പൂരി; പിന്നെ പടമില്ല;  സിനിമയില്‍ പവര്‍ഗ്രൂപ്പുണ്ട് ഉഷ 
 


തിരുവനന്തപുരം: മലയാള സിനിമയില്‍ പവര്‍ ഗ്രൂപ്പുണ്ടെന്നും സിനിമ മേഖലയിലെ കുറച്ച് ആളുകള്‍ മോശമായി പെരുമാറുന്നവരാണെന്നുമുള്ള വെളിപ്പെടുത്തലുമായി സിനിമ സീരിയല്‍ നടി ഉഷ ഹസീന. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലുള്ള കാര്യങ്ങള്‍ യാഥാര്‍ത്ഥ്യമാണെന്നും പെണ്‍കുട്ടികള്‍ പരാതി നല്‍കാന്‍ തയ്യാറാകണമെന്നും ഉഷ മാധ്യമങ്ങളോട് സംസാരിക്കവേ ചൂണ്ടിക്കാട്ടി. തനിക്കും ദുരനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഒരു സംവിധായകന്‍ മോശമായി പെരുമാറിയിട്ടുണ്ടെന്നും ഉഷ പറഞ്ഞു. 

''നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ഇതില്‍ പലകാര്യങ്ങളും നമ്മളറിഞ്ഞതാണ്. ഈ റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ ഉറപ്പായിട്ടും ഇതൊക്കെ നടന്നിരിക്കുന്നു എന്നാണ് മനസ്സിലാക്കാന്‍ സാധിച്ചിരിക്കുന്നത്. നേരത്തെ ഇത്തരം അനുഭവം നേരിട്ട ആളുകള്‍ അക്കാര്യം പങ്കുവെച്ചിട്ടുണ്ട്. എന്നാല്‍ എല്ലാവരും ഇങ്ങനെയുള്ളവരല്ല, ചില ആള്‍ക്കാര്‍. സിനിമ മേഖല മൊത്തം ഇത്തരത്തിലുള്ള ആള്‍ക്കാരാണെന്ന് പറയാന്‍ സാധിക്കില്ല. ഈ റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ ഇടപെടണം. റിപ്പോര്‍ട്ടില്‍ പ്രതിസ്ഥാനത്തുള്ളവര്‍ ചില സംഘടനകളിലൊക്കെ ഉന്നത സ്ഥാനങ്ങളിലിരിക്കുന്നവരൊക്കെയുണ്ട്. അത്തരക്കാര്‍ക്കെതിരെ നടപടി എടുത്തില്ലെങ്കില്‍ അവര്‍ പിന്നെയും ഇത് തന്നെയല്ലേ തുടരുക?  അവര്‍ക്കെതിരെ നടപടി എടുക്കണമെന്നും അവരെ മാറ്റിനിര്‍ത്തണമെന്നുമാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. പെണ്‍കുട്ടികള്‍ പരാതി കൊടുക്കാന്‍ തയ്യാറാകണം. ഇല്ലെങ്കില്‍ ഇതുപോലെയുള്ള കാര്യങ്ങള്‍ തുടരും.''

ഒരു സംവിധായകന്റെ സിനിമയില്‍ അഭിനയിക്കാന്‍ പോയതിനെ തുടര്‍ന്നുണ്ടായ ദുരനുഭവവും ഉഷ പങ്കുവെച്ചു. 'ആ സംവിധായകന്‍ കുഴപ്പക്കാരനാണന്ന് കേട്ടറിഞ്ഞ് പേടിയോടെയാണ് പോയത്. പക്ഷെ വാപ്പ കൂടെയുണ്ടായിരുന്നത് കൊണ്ട് എനിക്ക് ധൈര്യമായിരുന്നു. ആ സംവിധായകന്റെ സെറ്റില്‍ അഭിനയിക്കാന്‍ ചെല്ലുന്ന നടിമാരോട് ആദ്യം ഭയങ്കര സ്വാതന്ത്ര്യമായിരിക്കും. പിന്നീട് പുള്ളി നമ്മളോട് റൂമിലേക്ക് ചെല്ലാന്‍ ആവശ്യപ്പെടും. ഞാന്‍ എന്റെ അച്ഛനൊപ്പമാണ് പോയത്. ഞാനന്ന് തന്നെ പ്രതികരിക്കുകയാണ് ചെയ്തത്. പിന്നെ സെറ്റില്‍ വരുമ്പോള്‍ നമ്മളോട് വളരെ മോശമായി പെരുമാറും. നമ്മളെ ഇന്‍സള്‍ട്ട് ചെയ്യും. നന്നായിട്ട് അഭിനയിച്ചാലും മോശമാണെന്ന് പറയും. ഒരിക്കല്‍ അടിക്കാനായി ഞാന്‍ ചെരിപ്പൂരിയതാണ്. അന്നൊന്നും ഇതുപോലെ മീഡിയ ഇല്ലല്ലോ. മാസികകളിലൊക്കെ അക്കാര്യം വാര്‍ത്തയായിരുന്നു.'' 

''മലയാള സിനിമയില്‍ പവര്‍ ?ഗ്രൂപ്പുണ്ട്. പല കാര്യങ്ങളിലും പ്രതികരിച്ചതിന്റെ പേരില്‍ അവരുടെ ഒരു ബാന്‍ നേരിടേണ്ടി വന്നിട്ടുണ്ട്. കുറേ അനുഭവിച്ചിട്ടുണ്ട്. നമുക്കപ്പോള്‍ അറിയില്ല, അവര്‍ മുന്‍കൂട്ടി തീരുമാനിച്ചിട്ടാണ്, കുറേപേര്‍ ചേര്‍ന്നാണ് ഇത് ചെയ്യുന്നതെന്ന്. പക്ഷേ ഇപ്പോള്‍ മനസ്സിലാകുന്നുണ്ട്. അതൊക്കെ കൊണ്ടായിരിക്കും കുറേക്കാലം സിനിമയൊന്നും ഇല്ലാതെ ഇരുന്നത്. കുറച്ചുനാളായിട്ട് അത് മനസിലാകുന്നുണ്ട്. ഒന്ന് രണ്ട് കാര്യങ്ങള്‍ ഞാന്‍ പറഞ്ഞിട്ടുണ്ട്. കുറെയൊന്നും പറഞ്ഞിട്ടില്ല. ഇനി പറഞ്ഞിട്ട് പ്രയോജനമില്ല. അന്നും നമ്മളാരോടാണ് പരാതി പറയുക? അന്ന് ഇന്നത്തെപ്പോലെ നിയമങ്ങളില്ല. പറയാന്‍ ആള്‍ക്കാരില്ല. എനിക്ക് നല്ല തിരക്കുള്ള സമയത്താണ് പടങ്ങള്‍ കുറയുന്നത്. വിട്ടുനിന്നതല്ല. ഞാന്‍ പ്രതികരിച്ചതിന്റെ പേരില്‍ തന്നെയാണ് അങ്ങനെയൊരു അവസ്ഥ വന്നത്.'' നടി ഉഷ ഹസീന പറഞ്ഞു. 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media