ഗൂഗിള്‍ മീറ്റില്‍ ഇനി സൗജന്യ ഗ്രൂപ്പ് വീഡിയോ കോള്‍ 60 മിനിറ്റ് മാത്രം
കൊവിഡ്-19 വൈറസിന്റെ വരവോടെ ലോകമെമ്പാടും വര്‍ക്ക് ഫ്രം ഹോം (വീട്ടിലിരുന്ന് ജോലി ചെയ്യുക) സമ്പ്രദായം പല കമ്പനികളും പിന്തുടരാന്‍ ആരംഭിച്ചു. പല കമ്പനികളും വീഡിയോ കോണ്‍ഫെറന്‍സിങ് സേവനകളായ സൂം, മൈക്രോസോഫ്റ്റ് ടീംസ് എന്നിവയിലൂടെയാണ് വീഡിയോ മീറ്റിംഗുകള്‍ ക്രമീകരിക്കുന്നത്. കൂട്ടുകാര്‍ക്ക് ഒത്ത് കൂടാനും, കുടുംബ സംഗമത്തിനും, മതപരമായ മീറ്റിംഗുകള്‍ക്കും ഇന്ന് ധാരാളം പേര്‍ വീഡിയോ കോണ്‍ഫറന്‍സിങ് വെബ്സൈറ്റ് ഉപയോഗിക്കുന്നത്. ഗൂഗിളിന്റെ സേവനമായ മീറ്റ് ശ്രദ്ധ നേടിയത് സമയപരിധിയില്ലാത്ത സൗജന്യ സേവനം കൊണ്ടാണ്. പക്ഷെ, മീറ്റിനും ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണ് ഗൂഗിള്‍.
നിയന്ത്രങ്ങളില്‍ പ്രധാനം ഗൂഗിള്‍ മീറ്റ് ഇനി പൂര്‍ണമായും സൗജന്യമല്ല എന്നതാണ്. 60 മിനിറ്റ് വരെയാണ് ഗൂഗിള്‍ മീറ്റ് ഉപയോഗപ്പെടുത്തി ഇനി സൗജന്യമായി മൂന്നോ അതിലധികമോ ആള്‍ക്കാര്‍ പങ്കെടുക്കുന്ന വീഡിയോ കോണ്‍ഫെറന്‍സിങ് നടത്താന്‍ സാധിക്കുക. 55 മിനിറ്റിനുശേഷം കോളില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും മീറ്റിംഗ് അവസാനിക്കാന്‍ പോകുകയാണ് എന്ന അറിയിപ്പ് ലഭിക്കുമെന്നും ഗൂഗിള്‍ വ്യക്തമാക്കി. അതെ സമയം, ഒരാള്‍ മറ്റൊരാളെ വിളിക്കുന്ന വീഡിയോ കോളുകള്‍ക്ക് ഈ 60 മിനിറ്റ് പരിധിയില്ല. ഗ്രൂപ്പ് കോളുകള്‍ക്ക് മാത്രമാണ് പുതിയ നിയന്ത്രണം
ഗൂഗിളിന്റെ പേര്‍സണല്‍ (സൗജന്യ) അക്കൗണ്ട് ഉപയോഗിക്കുന്നവര്‍ക്കാണ് ഈ നിയന്ത്രണം. നമ്മുടെയെല്ലാം സ്വകാര്യ അക്കൗണ്ടുകള്‍ സൗജന്യ അക്കൗണ്ട് ആണ്. 60 മിനിറ്റില്‍ കൂടുതല്‍ തുടര്‍ച്ചയായി ഗ്രൂപ്പ് വീഡിയോ കോള്‍ ചെയ്യണമെങ്കില്‍ പ്രതിമാസം 7.99 ഡോളര്‍ (ഏകദേശം 740 രൂപ) വിലയുള്ള വര്‍ക്‌സ്‌പേസ് ഇന്റിവീജ്വലിലേക്ക് അപ്‌ഗ്രെയ്ഡ് ചെയ്യണം.
കഴിഞ്ഞ വര്‍ഷം വര്‍ഷം ഏപ്രിലില്‍ തന്നെ ഗൂഗിള്‍ മീറ്റിന്റെ സൗജന്യ ഉപയോഗ പരിധി 60 മിനിറ്റ് ആണെന്ന് ഗൂഗിള്‍ വ്യക്തമാക്കിയിരുന്നു. എങ്കിലും കൊവിഡ് മഹാമാരിയുടെ സാചര്യത്തില്‍ സെപ്റ്റംബര്‍ 30 വരെ ഈ നിയന്ത്രണം നടപ്പില്‍ വരുത്തുന്നത് താമസിപ്പിച്ചു. പിന്നീട് സൗജന്യ വീഡിയോ കോള്‍ നിയന്ത്രണം നിലവില്‍ വരുത്തുന്നത് ഈ വര്‍ഷം മാര്‍ച്ച് 31വരെയും പിന്നീട് ജൂണ്‍ 30 വരേയ്ക്കും ഗൂഗിള്‍ നീട്ടിയിരുന്നു.