കൊച്ചി: പി വി അന്‍വര്‍ എംഎല്‍എയും കുടുംബവും കൈവശപ്പെടുത്തിയ മിച്ചഭൂമി തിരിച്ചു പിടിക്കാത്തതില്‍ ഹൈക്കോടതിയില്‍ നിരുപാധികം മാപ്പപേക്ഷിച്ച് കണ്ണൂര്‍ സോണല്‍ ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാന്‍. ഭൂമി തിരിച്ചുപിടിക്കല്‍ നടപടികള്‍ മൂന്ന് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നും സത്യവാങ്മൂലം. ഉദ്യോഗസ്ഥ വിശദീകരണം രേഖപ്പെടുത്തിയ ഹൈക്കോടതി ഒക്ടോബര്‍ 18 വരെ സാവകാശം അനുവദിച്ചു.
2022ലെ കോടതി ഉത്തരവ് നടപ്പാക്കാന്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. താലൂക്ക് ലാന്‍ഡ് ബോര്‍ഡ് പുനഃസംഘടിപ്പിച്ചതും ഉദ്യോഗസ്ഥ അഭാവവും നടപടികള്‍ വൈകാന്‍ കാരണമായി. മൂന്ന് മാസം കൂടി സാവകാശം വേണമെന്നും കോടതിയലക്ഷ്യ നടപടികളില്‍ നിന്ന് ഒഴിവാക്കണമെന്നുമാണ് സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടത്. സത്യവാങ്മൂലം രേഖപ്പെടുത്തി സമയം അനുവദിച്ച ഹൈക്കോടതി ഇതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹര്‍ജി ഒക്ടോബര്‍ 18 ലേക്ക് മാറ്റി. മിച്ചഭൂമി തിരിച്ചു പിടിക്കാന്‍ കോടതിയുടെ രണ്ട് ഉത്തരവുകള്‍ ഉണ്ടായിട്ടും അവ നടപ്പിലാക്കാത്തതില്‍ കോടതിയലക്ഷ്യ ഹര്‍ജിയിലെ നടപടികള്‍ മുന്നോട്ടു പോകവെയാണ് റവന്യൂ വകുപ്പ് നിരുപാധിക മാപ്പപേക്ഷ നല്‍കി സാവകാശം തേടിയത്.
പി.വി അന്‍വര്‍ എംഎല്‍എയും കുടുംബവും കൈവശം വെക്കുന്ന പരിധിയില്‍ കവിഞ്ഞ ഭൂമി അഞ്ചുമാസത്തിനകം തിരിച്ചുപിടിക്കണമെന്ന് മലപ്പുറത്തെ വിവരാവകാശ പ്രവര്‍ത്തകന്‍ കെ വി ഷാജി സമര്‍പ്പിച്ച കോടതി അലക്ഷ്യഹര്‍ജിയില്‍ 2022 ജനുവരി 13ന് ഹൈക്കോടതി രണ്ടാമത് ഉത്തരവിട്ടത്. എന്നാല്‍ ഭരണകക്ഷി എംഎല്‍എയായ അന്‍വര്‍ രാഷ്ട്രീയ സാമ്പത്തിക സ്വാധീനം കാരണം സമയപരിധികഴിഞ്ഞ് ഒന്നര വര്‍ഷമാകാറായിട്ടും ഒരു നടപടിയും സ്വീകരിച്ചില്ലെന്നു ചൂണ്ടികാട്ടിായണ് ഷാജി വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്.