പാലക്കാട് ഹോട്ടലില്‍ യുവാവിനെ ആക്രമിച്ച സംഭവം; ആറ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസ്.
പാലക്കാട്: പാലക്കാട്ടെ ഹോട്ടലില്‍ കൊവിഡ് മാനദണ്ഡം ലംഘിച്ചത് ചോദ്യം ചെയ്ത യുവാവിനെ ആക്രമിച്ചെന്ന പരാതിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസ്. മുന്‍ എം.എല്‍.എ വി.ടി ബല്‍റാം, പാളയം പ്രദീപ്, റിയാസ് മുക്കോളി ഉള്‍പ്പെടെ ആറ് പേര്‍ക്കെതിരെയാണ് കേസ്. യുവാവിന്റെ പരാതിയില്‍ കസബ പൊലീസാണ് കേസ് എടുത്തത്.
ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് നടപടി. പരുക്കേല്‍ക്കുന്ന വിധത്തിലുള്ള കൈയേറ്റം, ആക്രമണം, ജീവന്‍ അപായപ്പെടുത്തുമെന്ന ഭീഷണി തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ലംഘിച്ച് രമ്യ ഹരിദാസ് എം.പി അടക്കമുള്ളവര്‍ പാലക്കാട്ടെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ ഇരുന്നു എന്നായിരുന്നു ആരോപണം. സംഭവം ചോദ്യം ചെയ്ത് രണ്ട് യുവാക്കള്‍ രംഗത്തെത്തുകയും വിഡിയോ പകര്‍ത്തുകയും ചെയ്തു. താങ്കള്‍ എംപിയല്ലേയെന്നും കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കാന്‍ ബാധ്യസ്ഥയല്ലേയെന്നും യുവാവ് ചോദിച്ചു. പാഴ്സല്‍ വാങ്ങാന്‍ എത്തിയതെന്നായിരുന്നു മറുപടി. തുടര്‍ന്ന് വാക്കേറ്റമുണ്ടാകുകയും യുവാക്കളെ കോണ്‍ഗ്രസ് നേതാക്കള്‍ കൈയേറ്റം ചെയ്യുകയുമായിരുന്നു.