നിര്‍ബന്ധിത മതപരിവര്‍ത്തനെതിരായ ബില്‍ അവതരിപ്പിക്കാനൊരുങ്ങി കര്‍ണാടക
നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരായ ബില്‍ അവതരിപ്പിക്കാനൊരുങ്ങി കര്‍ണാടക. കര്‍ണാടക പ്രൊട്ടക്ഷന്‍ ഓഫ് റൈറ്റ് ടു ഫ്രീഡം ഓഫ് റിലീജ്യണ്‍ ബില്‍ 2021 ആണ് ഇന്ന് നിയമസഭയില്‍ വയ്ക്കുക. നിര്‍ബന്ധിതമായി മതപരിവര്‍ത്തനം നടത്തിയാല്‍ 10 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമായിരിക്കും അത്. നിര്‍ബന്ധിച്ചോ, സമ്മര്‍ദം ചെലുത്തിയോ, കബിളിപ്പിച്ചോ, വിവാഹ വാഗ്ദാനം നല്‍കിയോ മതപരിവര്‍ത്തനം നടത്തുന്നത് പുതിയ നിയമപ്രകാരം കുറ്റകരമായിരിക്കും.
മതം മാറ്റപ്പെട്ട വ്യക്തിയുടെ കുടുംബം നല്‍കുന്ന പരാതി പ്രകാരം പൊലീസിന് കേസെടുക്കാം. ജനറല്‍ വിഭാഗത്തിലുള്ളവരെ മതം മാറ്റിയാല്‍ മൂന്ന് വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷയോ, 25,000 രൂപ പിഴയോ ലഭിക്കുന്ന കുറ്റമാണ്. പ്രായപൂര്‍ത്തിയാകാത്ത വ്യക്തി, ന്യൂനപക്ഷം, സ്ത്രീകള്‍, എസ്സി/എസ്ടി എന്നീ വിഭാഗത്തില്‍പ്പെട്ടവരെ മതം മാറ്റിയാല്‍ മൂന്ന് വര്‍ഷം മുതല്‍ പത്ത് വര്‍ഷം വരെ തടവ് ലഭിക്കുകയും, 50,000 രൂപ പിഴ ഈടാക്കുകയും ചെയ്യും. മതപരിവര്‍ത്തനം ലക്ഷ്യം വച്ചുള്ള വിവാഹം അസാധുവാക്കാനും ബില്ലില്‍ വകുപ്പുകളുണ്ട്.
നിയമം പ്രാബല്യത്തില്‍ വന്നതിന് ശേഷം മതം മാറാന്‍ താത്പര്യമുള്ളവര്‍ ജില്ലാ മജിസ്ട്രേറ്റിന് മുന്‍പാകെ അപേക്ഷ സമര്‍പ്പിക്കണം. മജിസ്ട്രേറ്റ്, പൊലീസ് എന്നിവരുടെ അന്വേഷണത്തില്‍ നിര്‍ബന്ധിത മതംമാറ്റമല്ലെന്ന് തെളിഞ്ഞാല്‍ അപേക്ഷ നല്‍കി രണ്ട് മാസത്തിന് ശേഷം മതം മാറാനുള്ള അനുമതി ലഭിക്കും.