ബംഗളുരുവില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചത് ഡോക്ടര്‍ക്ക്
സമ്പര്‍ക്കമുള്ള 5 പേര്‍ക്ക് രോഗം
ബംഗളുരു: കര്‍ണാടകയിലെ ബെംഗളുരുവില്‍ ഒമിക്രോണ്‍ വൈറസ് സ്ഥിരീകരിച്ചത് ഒരു ഡോക്ടര്‍ക്കെന്ന് റിപ്പോര്‍ട്ടുകള്‍. 46-കാരനാണ് വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇദ്ദേഹം നിലവില്‍ ബെംഗളുരുവില്‍ ചികിത്സയിലാണ്. ആദ്യം ഒമിക്രോണ്‍ ബാധ സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്കന്‍ സ്വദേശിയായ 66-കാരന്‍ കൊവിഡ് നെഗറ്റീവായി ദുബായിലേക്ക് പോയതായും കര്‍ണാടക സര്‍ക്കാര്‍ വ്യക്തമാക്കി. ഇരുവരും തമ്മില്‍ ബന്ധമൊന്നുമില്ലെന്നും, ആദ്യത്തെയാള്‍ മാത്രമാണ് ദക്ഷിണാഫ്രിക്കന്‍ സ്വദേശിയെന്നും കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചു.
നിലവില്‍ ബെംഗളുരുവില്‍ ചികിത്സയിലുള്ളയാളുടെ അഞ്ച് കോണ്ടാക്ടുകള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന് 13 പ്രൈമറി കോണ്ടാക്ടുകളുള്ളതില്‍ മൂന്നും രണ്ട് സെക്കന്ററി കോണ്ടാക്ടുകളും 25-ാം തീയതി തന്നെ കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തി. ഇവര്‍ക്ക് ഒമിക്രോണ്‍ ബാധ തന്നെയാണോ എന്നറിയാന്‍ പരിശോധന നടത്തുകയാണ്. എല്ലാവരെയും ഐസൊലേറ്റ് ചെയ്തിട്ടുണ്ടെന്നും ബംഗളുരു നഗരപാലിക അതോറിറ്റി അറിയിച്ചു.
ആദ്യമായി ഒമിക്രോണ്‍ ബാധ സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്കന്‍ സ്വദേശിയെ പരിശോധനയില്‍ നെഗറ്റീവാണെന്ന് ബോധ്യപ്പെട്ട ശേഷമാണ് രാജ്യം വിടാന്‍ അനുവദിച്ചത്. ഇദ്ദേഹത്തിന് രോഗലക്ഷണങ്ങളുണ്ടായിരുന്നില്ല എന്നതും യാത്രാനുമതി നല്‍കുന്നതില്‍ നിര്‍ണായകമായി. വൈറസ് ബാധ സ്ഥിരീകരിച്ച സമയത്ത് ഇദ്ദേഹത്തിന് കാര്യമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നില്ല എന്നാണ് ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്. നവംബര്‍ ഇരുപതിന് ദക്ഷിണാഫ്രിക്കയില്‍ നിന്നും എത്തിയ ഇദ്ദേഹം ഏഴ് ദിവസം മാത്രമേ ഇവിടെ ഉണ്ടായിരുന്നുള്ളൂ.
ഈ മാസം 20-നാണ് ദക്ഷിണാഫ്രിക്കന്‍ സ്വദേശിയായ 66-കാരന്‍ ദുബായ് വഴി ബംഗ്ലൂരുവിലെത്തിയത്. 24 പ്രൈമറി കോണ്ടാക്ടുകളാണ് 66-കാരന് ഉള്ളതായി കണ്ടെത്തിയിരിക്കുന്നത്. എല്ലാവരെയും കണ്ടെത്തി പരിശോധിച്ചു. നെഗറ്റീവാണെന്നാണ് ഫലം വന്നിരിക്കുന്നത്. 240 സെക്കന്ററി കോണ്ടാക്ടുകളാണ് ഇദ്ദേഹത്തിനുള്ളത്. ഇവരെല്ലാവരും നെഗറ്റീവാണ്. ഇദ്ദേഹത്തെ പരിശോധിക്കാന്‍ എത്തിയ ഡോക്ടറും സഹപ്രവര്‍ത്തകരും നിരീക്ഷണത്തിലാണ്.