ക്യൂബയ്ക്ക് ഉപരോധം ഏര്‍പ്പെടുത്താന്‍ അമേരിക്കയുടെ ശ്രമം; തുടക്കം മാത്രമെന്ന് ജോ ബൈഡന്‍
വാഷിംഗ്ടണ്‍: ക്യൂബയ്ക്ക് വീണ്ടും ഉപരോധം ഏര്‍പ്പെടുത്താന്‍ അമേരിക്കയുടെ ശ്രമം. ക്യൂബയില്‍ ഭരണകൂടത്തിനെതിരായ പ്രതിഷേധങ്ങള്‍ നടക്കുന്നതിന് പിന്നാലെയാണ് അമേരിക്കയുടെ നീക്കം. ക്യൂബന്‍ സുരക്ഷ ഉദ്യോഗസ്ഥനും ആഭ്യന്തര മന്ത്രാലയ സേനക്കുമാണ് പുതുതായി അമേരിക്ക ഉപരോധം പ്രഖ്യാപിച്ചത്. ജോ ബൈഡന്‍ അധികാരത്തിലെത്തിയ ശേഷം ആദ്യമായാണ് ക്യൂബന്‍ സര്‍ക്കാറിനെ സമ്മര്‍ദത്തിലാക്കി പുതിയ ഉപരോധം പ്രഖ്യാപിക്കുന്നത്.
ഇതൊരു തുടക്കം മാത്രമാണ് എന്നാണ് ബൈഡന്‍ ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ പ്രതികരിച്ചത്. ക്യൂബന്‍ ജനതയെ അടിച്ചമര്‍ത്തുന്നതിന് ഉത്തരവാദികളായവരെ ഇനിയും വിലക്കുമെന്ന് ബൈഡന്‍ പറഞ്ഞു. അതേസമയം, ക്യൂബയില്‍ വന്‍ പ്രതിഷേധം തുടരുകയാണ്. സോവിയറ്റ് യൂണിയന്റെ പതനത്തിനു ശേഷം ക്യൂബ നേരിട്ടു കൊണ്ടിരിക്കുന്ന ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിക്കും കൊറോണ വൈറസ് കേസുകളുടെ റെക്കോഡ് വര്‍ധനവിനുമിടയിലാണ് പ്രതിഷേധം.
കൊവിഡിനെ ചെറുക്കുന്നതിനായി വാക്‌സിന്‍ പോലുള്ള അടിസ്ഥാന വസ്തുക്കളുടെ ലഭ്യത കുറവ്, പൗരസ്വാതന്ത്ര്യം തടയല്‍, കൊവിഡ് കൈകാര്യം ചെയ്യുന്നതിലെ സര്‍ക്കാരിന്റെ വീഴ്ച എന്നിങ്ങനെയുള്ള കാരണങ്ങള്‍ ആരോപിച്ചാണ് പ്രതിഷേധം. പ്രസിഡന്റ് മിഗുവല്‍ ഡയസ് കാനല്‍ രാജി വെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിന് ആളുകളാണ് തെരുവിലിറങ്ങിയത്.