ഇന്ത്യയില്‍ 5 ജി നടപ്പാക്കരുത്; നടി ജൂഹി ചൗള ഹര്‍ജി എന്തിന്
ദില്ലി: രാജ്യത്ത് 5 ജി വയര്‍ലെസ് ശൃംഖല നടപ്പാക്കുന്നതിനെതിരെ ബോളിവുഡ് നടിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ ജൂഹി ചൗള തിങ്കളാഴ്ചയാണ് ഡല്‍ഹി ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. 5 ജി പദ്ധതികള്‍ മനുഷ്യരില്‍ ഗുരുതരമായതും മാറ്റാനാവാത്തതുമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും ഭൂമിയുടെ എല്ലാ പരിസ്ഥിതി വ്യവസ്ഥകള്‍ക്കും സ്ഥിരമായ നാശമുണ്ടാകുന്നതിനിടയാക്കുമെന്നും ജൂഹി ചൗള ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ഉപകരണങ്ങളില്‍നിന്നുള്ള വികിരണം ഹാനികരണമാണെന്നും അതുണ്ടാക്കുന്ന ആഘാതം വളരെ വലുതായിരിക്കുമെന്നും റേഡിയോ ഫ്രീക്വന്‍സി റേഡിയേഷനെതിരേ അവബോധം സൃഷ്ടിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന താരം പറഞ്ഞു.
സാങ്കേതിക മുന്നേറ്റങ്ങള്‍ക്ക് എതിരല്ലെന്നും വികിരണങ്ങള്‍ ജനങ്ങളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും ഹാനികരമാണെന്ന് വിശ്വസിക്കാന്‍ മതിയായ കാരണമുണ്ടെന്നും അവര്‍ വ്യക്തമാക്കി. രാജ്യത്ത് 5 ജി ശൃംഖല നടപ്പാക്കുന്നതിനെതിരെ ക്ലാസ് ആക്ഷന്‍ കേസ് ഫയല്‍ ചെയ്തതായി ജൂഹി ചൗളയുടെ അഭിഭാഷകന്‍ ദീപക് ഖോസ്ലയാണ് അറിയിച്ചത്. 5 ജി നടപ്പാക്കുന്നതോടെ പരിസ്ഥിതിക്ക് ഉണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടത് പ്രധാനമാണ്. വികിരണങ്ങള്‍ മനുഷ്യശരീരത്തിന് വലിയ ദോഷം സൃഷ്ടിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. 5 ജി നടപ്പാക്കല്‍ പദ്ധതി ഫലപ്രാപ്തിയിലെത്തിയാല്‍ ഭൂമിയിലെ ആര്‍ക്കും റോഡിയേഷന്‍ ഒഴിവാക്കാനാവില്ല. ഇന്നത്തേതിനേക്കാള്‍ 100 മടങ്ങ് ആറ്എഫ് വികിരണങ്ങളാണ് 5 ജി വഴി പുറത്തെത്തുക.
അതുകൊണ്ട് തന്നെ 5 ജി സാങ്കേതികവിദ്യ സ്ത്രീയും പുരുഷനും കുട്ടികളും അടങ്ങുന്ന മനുഷ്യവര്‍ഗത്തിനും മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും എല്ലാത്തരം ജീവജാലങ്ങള്‍ക്കും സസ്യജന്തുജാലങ്ങള്‍ക്കും സുരക്ഷിതമാണെന്ന് ബന്ധപ്പെട്ട വകുപ്പ് സാക്ഷ്യപ്പെടുത്തണമെന്നും നടി ഹര്‍ജിയില്‍ നിര്‍ദേശിച്ചിട്ടുണ്ട്. 5 ജി നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്നും അതിനെക്കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടത്തണമെന്നും അവര്‍ പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ പഠനത്തെക്കുറിച്ച് വിശ്വസിക്കാന്‍ കഴിയില്ലെന്നും ടെലികോം കമ്പനികളാണ് ഇതിന് ധനസഹായം നല്‍കിയതെന്നും നടി കൂട്ടിച്ചേര്‍ത്തു. കേസ് പരിഗണിച്ച ജസ്റ്റിസ് സി ഹരിശങ്കര്‍ കേസില്‍നിന്ന് പിന്മാറിയിരുന്നു. ഇതോടെ ഡല്‍ഹി ഹൈക്കോടതിയുടെ മറ്റൊരു ബഞ്ചിന് കേസ് വിട്ടു. കേസില്‍ ജൂണ്‍ 2ന് വീണ്ടും വാദം കേള്‍ക്കും.