മുല്ലപ്പെരിയാര്‍ ഡാം: തോന്നും പോലെ ഷട്ടര്‍ തുറക്കുന്നു',
വീടുകളില്‍ വെള്ളംകയറി, പരാതിപ്രവാഹം
ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് പരമാവധി സംഭരണ ശേഷിയായ 142 അടിയില്‍ എത്തിയതോടെ കൂടുതല്‍ ഷട്ടറുകള്‍ തുറന്നു. നിലവില്‍ ഒമ്പത് സ്പില്‍വേ ഷട്ടറുകള്‍ തുറന്നാണ് വെളളം പുറത്തേക്ക് ഒഴുക്കുന്നത്. നാല് ഷട്ടറുകള്‍ 60 സെന്റീമീറ്റര്‍ കൂടി ഉയര്‍ത്തിയിട്ടുണ്ട്. ഇതോടെ പെരിയാറില്‍ ജലനിരപ്പ് നാല് അടിയിലേറെ ഉയര്‍ന്നു. പല വീടുകളിലും വെള്ളം കയറി. മഞ്ചുമല ആറ്റോരം ഭാഗത്താണ് കൂടുതലും വീടുകളിലേക്ക് വെള്ളം കയറിയത്.
മുന്നറിയിപ്പില്ലാതെയാണ് തമിഴ്‌നാട് ഷട്ടറുകള്‍ ഉയര്‍ത്തുന്നതെന്ന് പ്രദേശവാസികള്‍ പരാതിപ്പെട്ടു. ഇന്ന് പുലര്‍ച്ചെയോടെയാണ് വീടുകളിലേക്ക് വെളളം കയറിയതെന്നും വീട്ടുസാധനങ്ങള്‍ മാറ്റുന്നതിനോ ആളുകളെ മാറ്റുന്നതിനോ സമയം ലഭിച്ചില്ലെന്നും പരാതിയുണ്ട്. ''ഈ മാസം പത്തിലേറെ തവണ മുല്ലപ്പെരിയാറിലെ ഷട്ടറുകളുയര്‍ത്തി. എപ്പോഴാണ് ഷട്ടറുകള്‍ ഉയര്‍ത്തുകയെന്ന് പോലും അറിയിക്കുന്നില്ല. വെള്ളം ഉയരുമ്പോഴാണ് ഷട്ടറ് ഉയര്‍ത്തിയ വിവരമറിയുന്നത്. അപ്രതീക്ഷിച്ചതായി വെള്ളം കയറുന്ന സാഹചര്യത്തില്‍ ജോലിക്ക് പോലും പോകാന്‍ സാധിക്കാത്ത അവസ്ഥയിലാണെന്നും'' പെരിയാറിന് തീരത്ത് താമസിക്കുന്നവര്‍ പറഞ്ഞു.
ഷട്ടറുകള്‍ ഉയര്‍ത്തി വെള്ളം കയറിയതിന് ശേഷമാണ് ജാഗ്രതാ മുന്നറിയിപ്പ് നല്‍കുന്നതെന്നും പ്രദേശവാസികള്‍ പരാതിപ്പെട്ടു. ഇന്ന് പുലര്‍ച്ചയോടെ വീടുകളിലേക്ക് വെള്ളം കയറി.എന്നാല്‍ ഒമ്പത് മണിയോടെയാണ് ജാഗ്രതാ മുന്നറിയിപ്പ് വന്നതെന്നും പ്രദേശവാസികള്‍ പറഞ്ഞു.