ദില്ലി: ഓപ്പറേഷന്‍ സിന്ദൂറിന് ഇന്ത്യക്ക് തിരിച്ചടി നല്‍കുമെന്ന പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ പാക് പോര്‍ വിമാനങ്ങള്‍ ഇന്ത്യന്‍ അതിര്‍ത്തിയിലെത്തി. പഞ്ചാബ് അതിര്‍ത്തിയോട് ചേര്‍ന്ന സ്ഥലത്താണ് പാക് യുദ്ധ വിമാനങ്ങള്‍ എത്തിയത്. എന്നാല്‍ റഡാര്‍ സംവിധാനങ്ങള്‍ വഴി പാക് വിമാനങ്ങളുടെ സഞ്ചാരപഥം മനസിലാക്കിയ ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ മേഖലയിലേക്ക് ഉടന്‍ കുതിച്ചെത്തിയതോടെ പാക് വിമാനങ്ങള്‍ അതിര്‍ത്തി കടക്കാതെ മടങ്ങിയെന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം ഇന്ത്യയുമായി സമ്പര്‍ക്കം നടത്തുകയാണെന്ന് പാകിസ്ഥാന്റെ ഉപപ്രധാനമന്ത്രി ഇഷാഖ് ധര്‍ ഒരു വിദേശ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. പാക് വിദേശകാര്യ മന്ത്രി കൂടിയാണ് ഇദ്ദേഹം. ഇരു രാജ്യങ്ങളിലെയും ദേശീയ സുരക്ഷാ ഉപദേഷ്ടാക്കള്‍ തമ്മില്‍ സമ്പര്‍ക്കത്തിലെന്നാണ് പ്രതികരണം. എന്നാല്‍ ഇന്ത്യ ഇതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. രാത്രി വൈകിയാണ് പാക് ഉപപ്രധാനമന്ത്രിയുടെ പ്രതികരണം പുറത്തുവന്നത്. അതേസമയം ജമ്മു കശ്മീരിലെ അതിര്‍ത്തി മേഖലയില്‍ പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് ആക്രമണം തുടരുകയാണ്. കശ്മീരിലെ കുപ്വാര, ഗുരേസ് സെക്ടറുകളിലാണ് പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്.