ബന്ധു നിയമന വിവാദം; ലോകായുക്ത വിധി സ്‌റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി
ബന്ധുനിയമന വിവാദത്തില്‍ കെ.ടി ജലീല്‍ എംഎല്‍എ സമര്‍പ്പിച്ച ഹര്‍ജി സുപ്രിംകോടതി തള്ളി. വിഷയത്തില്‍ ലോകായുക്ത ഉത്തരവിനെയും അത് ശരിവച്ച ഹൈക്കോടതി ഉത്തരവിനുമെതിരായാണ് കെ.ടി ജലീല്‍ ഹര്‍ജി സമര്‍പ്പിച്ചത്. രാഷ്ടീയപരമായ കാരണങ്ങളടക്കം ജലീലിന്റെ അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാണിച്ചെങ്കിലും സുപ്രിംകോടതി ഹര്‍ജി പരിഗണിച്ചില്ല. ഇതോടെ അഭിഭാഷകന്‍ ഹര്‍ജി പിന്‍വലിച്ചു.
ഹര്‍ജി പരിഗണിക്കാതിരുന്നതോടെ സുപ്രിംകോടതിയില്‍ നിന്ന് ജലീലിനുണ്ടായത് വലിയ തിരിച്ചടിയാണ്. ലോകായുക്തയുടെ കണ്ടെത്തലുകളും അത് ശരിവച്ച ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നുമായിരുന്നു കെ.ടി ജലീല്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. വിവാദവുമായി ബന്ധപ്പെട്ട് ജലീല്‍ സ്വജന പക്ഷപാതവും അധികാര ദുര്‍വിനിയോഗവും നടത്തിയെന്നതുള്‍പ്പെടെ ലോകായുക്ത ചില കണ്ടെത്തലുകള്‍ നടത്തിയിരുന്നു. അതിനാല്‍ തന്നെ അധികാരത്തില്‍ തുടരാന്‍ കഴിയില്ല എന്നാണ് ലോകായുക്ത ചൂണ്ടിക്കാട്ടിയത്. ഈ നിരീക്ഷണങ്ങള്‍ ഹൈക്കോടതിയും ശരിവച്ചിരുന്നു.