85 ചിത്രങ്ങളുമായി ദോഹ അജ്‌യാല്‍ ഫിലിം ഫെസ്റ്റിവല്‍ നവംബര്‍ ഏഴ് മുതല്‍
ദോഹ: ഖത്തറിലെ പ്രധാന വാര്‍ഷിക ചലച്ചിത്ര മേളയായ 'അജ്യാല്‍'ഫിലിം ഫെസ്റ്റിവല്‍ നവംബര്‍ ഏഴിന് ആരംഭിക്കുമെന്ന് സംഘാടകരായ ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് പ്രഖ്യാപിച്ചു. കത്താറ വില്ലേജ് ഉള്‍പ്പെടെ നാല് കേന്ദ്രങ്ങളിലായി നടക്കുന്ന ഫെസ്റ്റിവലില്‍ 44 രാജ്യങ്ങളില്‍ നിന്നുള്ള 85 സിനിമകള്‍ പ്രദര്‍ശനത്തിനെത്തും. സിക്കത്ത് വാദി മിശൈരിബ്, ലുസൈല്‍, ദോഹ ഫെസ്റ്റിവല്‍ സിറ്റിയിലെ വോക്സ് സിനിമാസ് എന്നിവയാണ് മറ്റു വേദികള്‍. ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന അജ്യാല്‍ ഫിലിം ഫെസ്റ്റിവലിന്റെ ഒമ്പതാമത് എഡിഷന്‍ കൊവിഡിന് ശേഷം രാജ്യത്ത് നടക്കുന്ന പ്രധാന പരിപാടികളിലൊന്നാണ്.
കാന്‍ ഫിലിം ഫെസ്റ്റിവല്‍ അവാര്‍ഡ് ജേതാവായ ഇറാനിയന്‍ സംവിധായകന്‍ അസ്ഗര്‍ ഫര്‍ഹാദിയുടെ 'എ ഹീറോ' എന്ന സിനിമയാണ് ഇത്തവണത്തെ ഉദ്ഘാടന ചിത്രം. 31 ഫീച്ചര്‍ സിനിമകളും 54 ഹ്രസ്വ ചിത്രങ്ങളുമാണ് പ്രദര്‍ശനത്തിനുണ്ടാവുക. ഇതില്‍ തന്നെ 22 എണ്ണം അറബ് സിനിമകളും 32 എണ്ണം വനിതാ സംവിധായകരുടെ സൃഷ്ടികളുമായിരിക്കും. 13 സിനിമകള്‍ സംഘാടകരായ ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പിന്തുണയോടെ നിര്‍മിച്ചവയാണ്. മെയ്ഡ് ഇന്‍ ഖത്തര്‍ വിഭാഗത്തില്‍ ഇക്കുറി 10 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. സിനിമാ മേഖലയിലെ ഖത്തര്‍ യുവാക്കളുടെ വളര്‍ച്ചയ്ക്കുള്ള ഉദാഹരണങ്ങളായിരിക്കും ഇവയെന്ന് ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒയും ഫെസ്റ്റിവല്‍ ഡയരക്ടറുമായ ഫത്മ ഹസന്‍ അല്‍ റിമൈഹി അഭിപ്രായപ്പെട്ടു. രാജ്യത്തെ സിനിമാ മേഖലയെ ശക്തിപ്പെടുത്താന്‍ ഫെസ്റ്റിവലിലൂടെ സാധിക്കും. ദോഹ ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിച്ച നിരവധി ചിത്രങ്ങള്‍ അന്താരാഷ്ട്ര ഫെസ്റ്റിവലുകളില്‍ ഇതിനകം പ്രദര്‍ശിപ്പിക്കപ്പെട്ടതായും കൂടുതല്‍ മികച്ച ചിത്രങ്ങള്‍ നിര്‍മിക്കുകയാണ് ലക്ഷ്യമെന്നും അവര്‍ പറഞ്ഞു.
കൊവിഡ് വ്യാപനത്തിന് ശമനമുണ്ടാവുകയും നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തില്‍ ഇത്തവണ നേരിട്ട് പ്രദര്‍ശനത്തിനെത്താന്‍ സിനിമാ പ്രേമികള്‍ക്ക് സാധിക്കുമെന്ന സവിശേഷതയുമുണ്ട്. രണ്ടുവര്‍ഷത്തെ കോവിഡ് കാലത്തെ ലോകം അതിജയിച്ചു വരുന്നതിന്റെ അടയാളപ്പെടുത്തല്‍ കൂടിയാവും ഈ വര്‍ഷത്തെ അജ്യാല്‍ എന്നും അവര്‍ അഭിപ്രായപ്പെട്ടു. കോവിഡ് കാലത്ത് താല്‍ക്കാലികമായി നിലച്ചുപോയ വിനോദപരിപാടികള്‍ പുനരാരംഭിക്കുന്നതിന്റെ പ്രഖ്യാപനമായി 'പ്രസ് പ്ലേ' എന്ന പ്രമേയത്തിലാണ് ഫെസ്റ്റിവല്‍ നടക്കുന്നത്. ആഘോഷ പരിപാടികളുടെ പുനരാരംഭത്തിന്റെ പ്രഖ്യാപനമാണ് ഈ പ്രമേയത്തിലൂടെ നല്‍കാന്‍ ഉദ്ദേശിക്കുന്നതെന്നും അവര്‍ അറിയിച്ചു.
ജനങ്ങള്‍ക്ക് വാഹനങ്ങളില്‍ നിന്നിറങ്ങാതെ സ്വകാര്യതയും സുരക്ഷിതത്വവും അനുഭവിച്ച് സിനിമ കാണുന്നതിനായി ലുസൈലിലെ ഡ്രൈവ് ഇന്‍ സിനിമ ഇത്തവണ പുനരാരംഭിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. നൂറു കണക്കിന് വാഹനങ്ങളിലുള്ളവര്‍ക്ക് ഒരേ സമയം കൂറ്റന്‍ സ്‌ക്രീനില്‍ സിനിമ കാണാന്‍ ഇവിടെ നിന്ന് സാധിക്കും. അന്നാബെലെ, ചൈല്‍ഡ്സ് പ്ലേ, ഹാരി പോട്ടര്‍, ദി കഞ്ചുറിംഗ്, മായ ദി ബീ തുടങ്ങിയ സിനിമകള്‍ ഇവിടെ പ്രദര്‍ശനത്തിനെത്തും.