കാറിന്റെ മൈലേജ് എങ്ങനെ വര്‍ദ്ധിപ്പിക്കാം
ഏഴ് കാര്യങ്ങള്‍ ചെയ്തുനോക്കൂ


ഇന്ധന വില സാധാരക്കാരന്റെ നടുവൊടിച്ച് മുന്നേറുകയാണ്. സംസ്ഥാനത്ത് ഏറെക്കുറെ എല്ലായിടത്തും പെട്രോള്‍ സെഞ്ചുറിയടിക്കുകയും ഡീസല്‍ 100ലേക്കെത്താനുള്ള ഓട്ടത്തിലുമാണ്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഇന്ധന നികുതി കുറയ്ക്കാന്‍ പദ്ധതിയില്ല എന്നുള്ളതിനാല്‍ ഇന്ധന വില ഇനിയും കൂടിയാലും അത്ഭുതപ്പെടാനില്ല. ഈ സാഹചര്യത്തില്‍ നിങ്ങള്‍ നിങ്ങളുടെ വാഹനത്തിലടിക്കുന്ന ഓരോ ലിറ്റര്‍ ഇന്ധനത്തിനും പരമാവധി മൈലേജ് നേടിയെടുക്കുക എന്നുള്ളതാണ്ട് ഏക പോംവഴി. ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ (ARAI) സാക്ഷ്യപ്പെടുത്തിയ ഇന്ധനക്ഷമത കണക്കുകളാണ് സാധാരണഗതിയില്‍ ഓരോ വാഹനങ്ങളുടെ മൈലേജായി വാഹന നിര്‍മാതാക്കള്‍ പ്രസിദ്ധപ്പെടുത്തുക. എന്നാല്‍ വാഹനം ഉപയോഗിക്കുന്ന യഥാര്‍ത്ഥ സാഹചര്യങ്ങളിലെ പ്രശ്‌നങ്ങള്‍ ഈ ടെസ്റ്റ് പലപ്പോഴും കണക്കിലെടുക്കുന്നില്ല എന്നതാണ് പ്രശ്‌നം. ഫലമോ, കമ്പനി അവകാശപ്പെടുന്ന മൈലേജ് ലഭിക്കുന്നത് വിരളം. അവകാശപ്പെടുന്ന മൈലേജിനെക്കാള്‍ അല്പം കുറയുന്നത് സ്വാഭാവികം. പക്ഷെ, ചിലപ്പോഴൊക്കെ ഈ അന്തരം വളരെ കൂടിയേക്കാം. വാഹനത്തിന്റെ പ്രശ്‌നങ്ങള്‍ കൊണ്ടോ, ഡ്രൈവ് ചെയ്യുന്ന വ്യക്തിയുടെ ചില തെറ്റായ രീതികള്‍ കൊണ്ടോ മൈലേജ് പലപ്പോഴും കുറയാറുണ്ട്. നിങ്ങളുടെ കാറിന് മൈലേജ് കുറവാണ് എന്ന് സംശയമുണ്ടോ. എങ്കില്‍ താഴെ പറയുന്ന കാര്യങ്ങള്‍ ഒന്ന് ശ്രദ്ധിച്ചുനോക്കൂ.

കൃത്യ സമയത്ത് സര്‍വീസ് ചെയ്യുക
കൃത്യമായ ഇടവേളകളില്‍ വാഹനം സര്‍വീസ് ചെയ്യുന്നത് നല്ല മൈലേജ് നല്‍കും. സ്ഥിരമായി വാഹനം ഉപയോഗിക്കുന്നുണ്ടെങ്കിലും, ഉപയോഗം കുറവാണെങ്കിലും കൃത്യമായ ഇടവേളകളില്‍ സര്‍വീസ് ചെയ്യണം. സര്‍വീസ് സമയത്ത് എയര്‍, ഫ്യുവല്‍, ഓയില്‍ ഫില്‍റ്ററുകളുടെ കാര്യം പ്രത്യേകം ശ്രദ്ധിക്കുക. രണ്ടോ മൂന്നോ ആഴ്ചയിലൊരിക്കല്‍ എന്‍ജിന്‍ ഓയില്‍, കൂളെന്റ് ലെവലുകള്‍ കുറഞ്ഞു പോയിട്ടില്ല എന്നുറപ്പിക്കുക. സമയബന്ധിതമായി സര്‍വീസ് ചെയ്യുന്നത് പോലെ തന്നെ എഞ്ചിന്‍ ഓയില്‍ ശരിയായ ഗ്രേഡ് ഉപയോഗിക്കുന്നത് പ്രധാനമാണ്.

ടയറിലെ എയര്‍ പ്രഷര്‍ കുറയരുത്
മൈലേജ് കുറയുന്നതിലെ ഒരു പ്രധാന വില്ലനാണ് ടയറിലെ കാറ്റിന്റെ കുറവ്. ഓരോ വാഹനനിര്‍മാതാവും നിഷ്‌കര്‍ഷിക്കുന്ന കാറ്റ് ടയറിനുണ്ടെന്ന് ഉറപ്പു വരുത്തുക. പെട്രോള്‍ പമ്പുകളിലെ എയര്‍ സ്റ്റേഷനുകള്‍ ഇപ്പോള്‍ സൗജന്യമായി നിങ്ങളുടെ വാഹനത്തിന്റെ ടയറിനു കാറ്റടിച്ചു നല്‍കും. ഇന്ധനം നിറക്കാനായി പമ്പുകളില്‍ കയറുമ്പോള്‍ ടയറിന്റെ കാര്യവും ശ്രദ്ധിക്കുക. മൈലേജ് മാത്രമല്ല, വാഹനത്തിനു ശരിയായ ഹാന്‍ഡ്‌ലിങ് ലഭിക്കാനും, സുഖകരമായ ഡ്രൈവ് അനുഭവം ലഭിക്കുന്നതിനും ടയറിലെ ശരിയായ കാറ്റിന്റെ അളവ് നിര്‍ണായകമാണ്. ടയറിന്റെ കാലാവധി വര്‍ധിപ്പിക്കാനും ശരിയായ എയര്‍ പ്രഷര്‍ ഉപകരിക്കും.


പെട്ടന്നുള്ള ആക്‌സിലറേഷന്‍, ബ്രേക്കിംങ് വേണ്ട
ചിലര്‍ക്ക് വേഗത്തില്‍ പോകുന്നത് സന്തോഷം തരുന്ന കാര്യമാണ്. എന്നും കരുതി ആക്‌സിലറേറ്ററില്‍ കാലമര്‍ത്തി വാഹനം അകാരണമായി ആക്സിലറേറ്റ് ചെയ്ത് ഡ്രൈവ് ചെയ്യുന്നതും, പെട്ടന്ന് ബ്രേക്ക് അമര്‍ത്തി വാഹനം നിര്‍ത്തുന്നതൊക്കെ മൈലേജിനെ ബാധിക്കും. ഓവര്‍ടേക്കിങ് സമയത്തു മാത്രം പെട്ടന്ന് ആക്‌സിലറേറ്റ് ചെയ്തു കയറിപ്പോവുക. മുമ്പില്‍ പോകുന്ന വാഹനവുമായി ഒരു കൃത്യമായ അകലം പാലിച്ചു, പെട്ടന്ന് ആക്‌സിലറേറ്റ് ചെയ്യുകയോ ബ്രേക് ചെയ്യുകയോ ചെയ്യേണ്ടി വരാത്ത വിധത്തിലുള്ള വേഗത്തില്‍ യാത്ര ചെയ്യുക. ഡ്രൈവ് ചെയ്യുന്ന വ്യക്തിക്ക് സൗകര്യപ്രദമായ ഒരു സ്പീഡ് റേഞ്ചില്‍ സ്ഥിരമായി യാത്ര ചെയ്യുന്നതും നല്ലതാണ്.

അടിക്കടി ഗിയര്‍ മാറ്റാതിരിക്കുക
സിനിമകളില്‍ കാണുന്നതുപോലെ അടിക്കടി ഗിയര്‍ മാറ്റേണ്ട കാര്യം പലപ്പോഴും ഡ്രൈവിങ്ങില്‍ ഇല്ല. ശരിയായ അര്‍പിഎമ്മില്‍ ശരിയായ ഗിയറില്‍ യാത്ര ചെയ്യുന്നത് മൈലേജ് വര്‍ധിപ്പിക്കും. ഉയര്‍ന്ന ഗിയറുകളിലേക്ക് വാഹനത്തിന്റെ വേഗത കൂടുന്നതനുസരിച്ചു വേഗം ഷിഫ്റ്റ് ചെയ്യുക. ആവശ്യം വരുമ്പോള്‍ മാത്രം ഗിയര്‍ ഡൗണ്‍ ചെയ്യുക. ഉയര്‍ന്ന ഗിയറില്‍ സഞ്ചരിക്കുന്നതാണ് നല്ല ഇന്ധനക്ഷമത കിട്ടാന്‍ നല്ലത്.


അധികഭാരം ഒഴിവാക്കുക
'Less luggage more comfort' എന്ന ഇംഗ്ലീഷ് ചൊല്ല് യാത്ര ചെയ്യുന്നവര്‍ക്ക് മാത്രമല്ല വാഹനത്തിന്റെ കാര്യത്തിലും ബാധകമാണ്. വാഹനത്തിന്റെ അകത്ത് നിങ്ങളുടെ യാത്രക്ക് ആവശ്യമില്ലാത്ത എന്തെങ്കിലുമുണ്ടെകില്‍ ഒഴിവാക്കുക. കുട്ടികള്‍ യാത്ര ചെയ്യുന്നില്ലെങ്കില്‍ ചൈല്‍ഡ് സീറ്റ് മാറ്റിവെക്കുക. ദൂരയാത്ര പോകുന്ന സമയത്ത് ബാഗുകളില്‍ അത്യാവശ്യം വേണ്ടുന്ന കാര്യങ്ങള്‍ മാത്രം നിറക്കുക. ഡിക്കിയില്‍ ആവശ്യമില്ലാത്ത എന്തെങ്കിലുമുണ്ടോ എന്ന് യാത്ര പുറപ്പെടുന്നതിനു മുന്‍പ്പ് ഉറപ്പു വരുത്തുക. എന്തെങ്കിലുമുണ്ടെങ്കില്‍ ഒഴിവാക്കുക.

ഗ്ലാസ്സുകള്‍ ഉയര്‍ത്തിവക്കുക
ചൂടും, പൊടിയും മൂലം നമ്മളില്‍ പലരും സൈഡ് ഗ്ലാസ്സുകള്‍ എപ്പോഴും ഉയര്‍ത്തി വക്കാന്‍ നിര്‍ബന്ധിതരാക്കുന്നുണ്ട്. ഇത് യഥാര്‍ത്ഥത്തില്‍ ഉയര്‍ന്ന മൈലേജ് ലഭിക്കാന്‍ ഉപകരിക്കും. പുതിയ തലമുറ കാറുകളെല്ലാം തന്നെ എയ്റോഡയനാമിക്കയാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. അതായത് കാറ്റിനെ കീറിമുറിച്ചു മുന്നോട്ട് പോകാന്‍ ഏറ്റവും യോജിക്കുന്ന വിധം. ഗ്ലാസ്സുകള്‍ താഴ്ത്തിവച്ചാല്‍ കാറ്റ് വാഹനത്തിന്റെ അകത്തു കടക്കുകയും എയ്റോഡയനാമിക്ക് ഫ്‌ലോ കുറയുകയും ചെയ്യും. ഇത്തരം സാഹചര്യങ്ങളില്‍ വാഹനത്തെ മുന്നോട്ടു കൊണ്ടുപോകാന്‍ എന്‍ജിന് കൂടുതല്‍ അധ്വാനം ആവശ്യമാണ്. ഇത് മൈലേജിനെ ബാധിക്കും. അതുകൊണ്ട് ഗ്ലാസ്സുകള്‍ ഉയര്‍ത്തിവെക്കുക, പ്രത്യേകിച്ച് ഉയര്‍ന്ന വേഗതയില്‍ സഞ്ചരിക്കുമ്പോള്‍.

ഐഡിലിങ് പരമാവധി ഒഴിവാക്കുക
നഗരവാസികളായ വാഹന ഉടമകള്‍ ട്രാഫിക്കില്‍ ഒരുപാട് സമയം ചിലവഴിക്കുന്നവരാകും. ട്രാഫിക്കില്‍പെട്ട് വാഹനം നിശ്ചലമായി നില്‍ക്കുന്ന സമയത്ത് വാഹനം ഓഫ് ചെയ്യുക. വാഹനം ഡ്രൈവ് ചെയ്യുന്ന സമയത്തേക്കാള്‍ കൂടുതല്‍ ഇന്ധനം നിശ്ചലാവസ്ഥയില്‍ വാഹനം സ്റ്റാര്‍ട്ട് അയ് കിടക്കുമ്പോള്‍ കത്തി തീരുന്നുണ്ട്. 30 സെക്കന്‍ഡില്‍ കൂടുതല്‍ കാത്തു കിടക്കണം എന്നുറപ്പോള്‍ വാഹനം ഓഫ് ചെയ്യുന്നത് ഇന്ധന ഉപഭോഗം കുറയ്ക്കും. നിങ്ങളുടെ വാഹനത്തിന് എന്‍ജിന്‍ സ്റ്റാര്‍ട്ട്-സ്റ്റോപ്പ് ഫങ്ഷന്‍ ഉണ്ടെങ്കില്‍ അത് പരമാവധി ഉപയോഗപ്പെടുത്തുക.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media